03/04/2026
[fontresizer_tawhidurrahmandear_widget]

‘ഇന്‍ഡിഗോ പ്രശ്‌നവും വായുമലിനീകരണവുമെല്ലാം പരിഹരിക്കപ്പെട്ടു!’; വന്ദേമാതരം ചര്‍ച്ചയില്‍ പരിഹാസവുമായി വിശാല്‍ ദദ്‌ലാനി

 ‘ഇന്‍ഡിഗോ പ്രശ്‌നവും വായുമലിനീകരണവുമെല്ലാം പരിഹരിക്കപ്പെട്ടു!’; വന്ദേമാതരം ചര്‍ച്ചയില്‍ പരിഹാസവുമായി വിശാല്‍ ദദ്‌ലാനി

മുംബൈ: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെക്കുറിച്ച് 10 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയെ പരിഹസിച്ച് ബോളിവുഡ് സംഗീതസംവിധായകന്‍ വിശാല്‍ ദദ്‌ലാനി. രാജ്യത്തെ മറ്റ് സുപ്രധാന വിഷയങ്ങള്‍ മാറ്റിവെച്ച് ഒരു ഗാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത്രയധികം സമയം ചെലവഴിച്ചതിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

‘സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്’ എന്ന് തുടങ്ങുന്ന വീഡിയോയില്‍ പരിഹാസരൂപേണയാണ് അദ്ദേഹം സംസാരിക്കുന്നത്. വന്ദേമാതരത്തെക്കുറിച്ചുള്ള ഈ സുദീര്‍ഘമായ ചര്‍ച്ചയോടെ ഇന്ത്യയിലെ തൊഴിലില്ലായ്മ, വായു മലിനീകരണം, ഇന്‍ഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കപ്പെട്ടുവെന്ന് അദ്ദേഹം പരിഹസിച്ചു. ബംഗാളി കവി ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരം ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗാനമാണെന്നും എന്നാല്‍ അതിന്റെ പേരില്‍ 10 മണിക്കൂര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയത് അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് സമ്മേളനത്തിന്റെ സാമ്പത്തിക വശത്തെക്കുറിച്ചും ദദ്‌ലാനി വീഡിയോയില്‍ എടുത്തുപറഞ്ഞു. ‘പാര്‍ലമെന്റ് സമ്മേളനത്തിന് ഒരു മിനിറ്റിന് ഏകദേശം 2.5 ലക്ഷം രൂപയാണ് നികുതിപ്പണത്തില്‍ നിന്ന് ചെലവാകുന്നത്. 10 മണിക്കൂര്‍ എന്നാല്‍ 600 മിനിറ്റാണ്. അതിന്റെ കണക്ക് നിങ്ങള്‍ തന്നെ കൂട്ടിക്കോളൂ,’ അദ്ദേഹം പറഞ്ഞു.

വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ഗാനത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍, തൊഴിലില്ലായ്മയും മലിനീകരണവും പോലുള്ള അതീവ ഗൗരവമുള്ള വിഷയങ്ങള്‍ അവഗണിച്ചുകൊണ്ട് ഇത്തരം ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെതിരെയാണ് വിശാല്‍ ദദ്‌ലാനി ശബ്ദമുയര്‍ത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Also read: