‘വോട്ട് മോഷ്ടാക്കൾ രാജ്യദ്രോഹികൾ; ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നവരെ പുറത്താക്കണം’- മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: വോട്ട് മോഷ്ടിക്കുന്നവർ രാജ്യദ്രോഹികളാണെന്നും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോർത്തുന്നവർ വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാൻ അവരെ അധികാരത്തിൽ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാർഗെ പറഞ്ഞു.
മനുസ്മൃതിയുടെയും ആർഎസ്എസ് നേതാക്കളായ മോഹൻ ഭഗവത്, ഗോൾവാൾക്കർ എന്നിവരുടെയും ആശയങ്ങൾ രാജ്യത്തെ നശിപ്പിക്കുമെന്ന് ഖാർഗെ തുറന്നടിച്ചു. കോൺഗ്രസിന്റെ ആശയത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ പേരിൽ ജനങ്ങളെ അടിമകളാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാർലമെന്റിൽ പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകി അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന ദൗത്യം മുൻനിർത്തിയാണ് താൻ ഈ റാലിയിൽ പങ്കെടുത്തതെന്ന് വികാരാധീനനായി ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. അവകാശങ്ങൾ സംരക്ഷിക്കാനും കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാനും രാഹുൽ ഗാന്ധി നടത്തിയ യാത്രകളും പ്രയത്നങ്ങളും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.