ലാലുവിന്റെ കുടുംബത്തിൽ പോര് മുറുകുന്നു: നിതീഷ് കുമാറിനെ പുകഴ്ത്തി മകൾ; ബിഹാർ മുഖ്യമന്ത്രിയുടെ സഹായം തേടി രോഹിണി ആചാര്യ
പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ ഭിന്നത രൂക്ഷമാകുന്നു. ലാലുവിന്റെ മകളും ആർജെഡി മുൻ നേതാവുമായ രോഹിണി ആചാര്യ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരോക്ഷമായി പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
പിതാവ് ലാലു പ്രസാദിന് വൃക്ക ദാനം നൽകി ശ്രദ്ധേയായ രോഹിണി, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് ആധാരം. സ്ത്രീകൾക്ക് സ്വന്തം മാതാപിതാക്കളുടെ വീട്ടിൽ സുരക്ഷിതമായി കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അവർ ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടത്.
വിവാഹിതരായ സ്ത്രീകൾക്ക് എന്തെങ്കിലും കാരണവശാൽ സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നാൽ, ഭയമോ കുറ്റബോധമോ ഇല്ലാതെ നിൽക്കാൻ കഴിയുന്ന ഒരിടമായി മാതാപിതാക്കളുടെ വീട് മാറണം. ഇത് കേവലമൊരു കുടുംബകാര്യമല്ല, മറിച്ച് ഭാവിയിലെ ചൂഷണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും സ്ത്രീകളെ രക്ഷിക്കാനുള്ള ഭരണപരമായ കടമയാണെന്നും അവർ ഓർമ്മിപ്പിച്ചു. നിതീഷ് കുമാറിന്റെ സ്ത്രീശാക്തീകരണ നടപടികളെ പുകഴ്ത്തുന്നതോടൊപ്പം, ബീഹാറിലെ കുടുംബങ്ങളിൽ നിലനിൽക്കുന്ന പുരുഷാധിപത്യ മനോഭാവത്തിനെതിരെ കൂടിയാണ് രോഹിണിയുടെ വിമർശനം.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സഹോദരനും ആർജെഡി നേതാവുമായ തേജസ്വി യാദവുമായി രോഹിണി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ഒരു മാസം മുമ്പ് അവർ പാർട്ടി വിടുകയും ചെയ്തു.
പിതാവിന് വൃക്ക നൽകിയതിനെച്ചൊല്ലി കുടുംബത്തിനുള്ളിൽ നടന്ന തർക്കങ്ങളും രോഹിണി പരസ്യമാക്കിയിരുന്നു. ‘വൃത്തികെട്ട വൃക്ക’ നൽകിയതിന് പകരമായി താൻ കോടിക്കണക്കിന് രൂപയും ലോക്സഭാ സീറ്റും കൈപ്പറ്റിയെന്ന് വരെ ആക്ഷേപം കേൾക്കേണ്ടി വന്നുവെന്ന രോഹിണിയുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടലോടെയാണ് രാഷ്ട്രീയ ലോകം കേട്ടത്. സ്വന്തം കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും നേരിട്ട അവഗണനയ്ക്കു മറുപടിയായാണ് നിതീഷ് കുമാറിലേക്കുള്ള രോഹിണിയുടെ ചുവടുമാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.