10/08/2026
[fontresizer_tawhidurrahmandear_widget]

ബിഹാറിൽ മോദി-നിതീഷ് മാജിക്; 200ഉം പിന്നിട്ട് എൻഡിഎ ചരിത്ര വിജയത്തിലേക്ക്, 37ലേക്ക് കൂപ്പു കുത്തി മഹാസഖ്യം

 ബിഹാറിൽ മോദി-നിതീഷ് മാജിക്; 200ഉം പിന്നിട്ട് എൻഡിഎ ചരിത്ര വിജയത്തിലേക്ക്,  37ലേക്ക് കൂപ്പു കുത്തി മഹാസഖ്യം

പട്‌ന: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി ബിഹാറില്‍ എന്‍ഡിഎ തരംഗം. കേവല ഭൂരിപക്ഷവും പിന്നിട് 200 എന്ന ചരിത്രസംഖ്യയില്‍ തൊട്ടിരിക്കുകയാണ് ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം. ഭരണവിരുദ്ധ വികാരമെന്ന പ്രചാരണങ്ങളെല്ലാം കാറ്റില്‍പറത്തി വന്‍ ജനപിന്തുണയില്‍ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് നിതീഷ് കുമാര്‍.

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപിയാണ് എന്‍ഡിഎ മുന്നണിയില്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. 91 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ 50 സീറ്റില്‍ ഒതുങ്ങിയ ജെഡിയു 78 സീറ്റുമായും മികച്ച നേട്ടമുണ്ടാക്കി. എല്‍ജെപി 22ഉം എച്ച്എഎം അഞ്ചും ആര്‍എല്‍എം നാലും സീറ്റുകളില്‍ മുന്നേറുകയാണ്.

മറുവശത്ത്, അപ്രതീക്ഷിതമായ തിരിച്ചടിയാണ് മഹാസഖ്യം നേരിട്ടത്. കഴിഞ്ഞ തവണത്തെ മിന്നും പ്രകടനത്തില്‍നിന്ന് കുത്തനെ താഴോട്ട് കൂപ്പുകുത്തിയിരിക്കുയാണ് തേജസ്വി യാദവിന്റെ ആര്‍ജെഡി. വെറും 28 സീറ്റിലേക്കാണ് അവര്‍ ഒതുങ്ങിയത്. ശക്തികേന്ദ്രങ്ങളില്‍ പോലും ആര്‍ജെഡിക്ക് കാലിടറി. ഉരുക്കുകോട്ടയായ രാഘോപൂരില്‍ തേജസ്വി പിന്നില്‍ നില്‍ക്കുകയാണെന്ന വാര്‍ത്തയും വരുന്നുണ്ട്.

60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആണെങ്കില്‍ വെറും നാല് സീറ്റിലേക്കാണ് ചുരുങ്ങിയത്. കഴിഞ്ഞ തവണ നേടിയ 19 സീറ്റില്‍നിന്നാണ് ഈ ദയനീയ പരാജയം. സിപിഐ(എംഎല്‍) നാലിടത്തും സിപിഎം ഒരിടത്തും മുന്നിട്ടുനില്‍ക്കുന്നു.

വലിയ ആളും ആരവുമായി കന്നി അരങ്ങേറ്റത്തിനെത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് സംപൂജ്യരായി. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി അഞ്ചിടത്തും ബിഎസ്പി ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്.

Also read: