പ്രശാന്ത് കിഷോർ കോൺഗ്രസ്സിലേക്ക്?ഡൽഹിയിൽ പ്രിയങ്ക ഗാന്ധിയുമായി മണിക്കൂറുകൾ നീണ്ട ചർച്ച
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും തമ്മിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ച ഡൽഹിയിലെ 10 ജനപഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് ഇരുവരും കണ്ടതെന്നാണ് റിപ്പോർട്ടുകൾ. അടച്ചിട്ട മുറിയിൽ നടന്ന ഈ കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടുനിന്നു.
അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി 238 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാനായില്ലെന്ന് മാത്രമല്ല, ഭൂരിഭാഗം സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമാവുകയും ചെയ്തു. മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസ് 61 സീറ്റുകളിൽ മത്സരിച്ചെങ്കിലും വെറും ആറ് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
2017-ലെ പഞ്ചാബ് തിരഞ്ഞെടുപ്പ് വിജയത്തിലടക്കം കോൺഗ്രസുമായി സഹകരിച്ചിരുന്ന പ്രശാന്ത് കിഷോർ 2022-ൽ പരസ്യമായി പാർട്ടിയുമായി അകന്നിരുന്നു. പാർട്ടി പുനഃസംഘടനയിൽ കൂടുതൽ അധികാരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അന്ന് കോൺഗ്രസിൽ ചേരാനുള്ള ചർച്ചകൾ പരാജയപ്പെട്ടത്. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും പ്രശാന്ത് കിഷോർ കോൺഗ്രസിൽ നിന്ന് അകലം പാലിക്കുകയും, രാഹുൽ ഗാന്ധി ഉന്നയിച്ച തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളെ തള്ളിക്കളയുകയും ചെയ്തിരുന്നു.
കൂടിക്കാഴ്ചയെക്കുറിച്ച് പ്രശാന്തും പ്രിയങ്കയും പരസ്യമായ പ്രതികരണങ്ങൾക്ക് മുതിർന്നിട്ടില്ല. തൻ്റെ കൂടിക്കാഴ്ചകളിൽ പൊതുജനങ്ങൾക്ക് വലിയ താൽപ്പര്യമില്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. അതേസമയം, പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടന്നെന്ന വാർത്ത നിഷേധിച്ചിട്ടുണ്ട്. എന്നാൽ, വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഭാവി രാഷ്ട്രീയ നീക്കങ്ങളും തന്ത്രങ്ങളും ചർച്ചയായതായാണ് സൂചന.
എൻഡിഎക്കെതിരെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ നോക്കിക്കാണുന്നത്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ സഖ്യങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റമാണ് ഈ സംഭവവികാസങ്ങൾ അടിവരയിടുന്നത്.