27/01/2026

‘എല്ലാ പരിധിയും ലംഘിക്കുന്നു; ട്രംപിന്റെ സല്‍പ്പേര് കളയാന്‍ അനുവദിക്കില്ല’; ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ നെതന്യാഹുവിന് മുന്നറിയിപ്പുമായി യുഎസ്‌

 ‘എല്ലാ പരിധിയും ലംഘിക്കുന്നു; ട്രംപിന്റെ സല്‍പ്പേര് കളയാന്‍ അനുവദിക്കില്ല’; ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ നെതന്യാഹുവിന് മുന്നറിയിപ്പുമായി യുഎസ്‌

വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച് കർശന സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വാരാന്ത്യത്തിൽ ഗസ്സ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡർ റായിദ് സാദ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഈ നടപടി കഴിഞ്ഞ ഒക്ടോബർ 10-ന് പ്രസിഡന്റ് ട്രംപ് മുൻകൈയെടുത്ത് നടപ്പിലാക്കിയ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി. ആക്രമണത്തിന് മുൻപ് ഇസ്രയേൽ അമേരിക്കയെ വിവരം അറിയിക്കുകയോ കൂടിയാലോചനകൾ നടത്തുകയോ ചെയ്തില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

“കരാറുകൾ പാലിക്കാത്തവരായി സ്വന്തം പേര് നശിപ്പിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അങ്ങനെയാകാം. എന്നാൽ ഈ കരാർ യാഥാർത്ഥ്യമാക്കിയ പ്രസിഡന്റ് ട്രംപിന്റെ സല്‍പ്പേരിന് കോട്ടം വരുത്താൻ ഞങ്ങൾ അനുവദിക്കില്ല,” എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നെതന്യാഹുവിനെ അറിയിച്ചത്. വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ട്രംപിന്റെ നയതന്ത്ര വിജയങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് അമേരിക്കയുടെ ഈ കടുത്ത പ്രതികരണത്തിന് പിന്നിൽ.

ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് സീസി, അറബ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്താന്‍ വിസമ്മതിക്കുന്ന കാര്യവും യുഎസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയതായി ‘ആക്സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ ഉപദേഷ്ടാവ് ജാരദ് കുഷ്‌നര്‍ എന്നിവരാണ് നെതന്യാഹുവിനെ വിളിച്ച് ശകാരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ സാദിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ഇസ്രയേൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന് ശേഷം ഇതുവരെ 391 ഫലസ്തീനികൾ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ മുതൽ ആരംഭിച്ച സംഘർഷത്തിൽ ഗാസയിൽ ഇതുവരെ 70,600-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

Also read: