ഫൈസാബാദില്‍ തൂവെള്ള സാഗരം തീര്‍ത്ത് ജാമിഅ ഗ്രാന്‍ഡ് സല്യൂട്ട്
default
മലപ്പുറം: ഫൈസാബാദില്‍ തൂവെള്ളസാഗരം തീര്‍ത്ത് വിദ്യാര്‍ഥികളുടെ ഗ്രാന്‍ഡ് സല്യൂട്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ 63-ാം വാര്‍ഷിക 61-ാം സനദ്ദാന മഹാസമ്മേളനത്തിന്റെ ഭാഗമായാണ് ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് സല്യൂട്ട് നടന്നത്. ജാമിഅയ്ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത വിവിധ ജൂനിയര്‍ കോളേജുകളില്‍നിന്നുള്ള അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഫൈസാബാദില്‍ അണിനിരന്നത്.
വൈകുന്നേരം 4:30-ന് നടന്ന പ്രൗഢമായ ചടങ്ങില്‍, തൂവെള്ള വസ്ത്രത്തില്‍ അച്ചടക്കത്തോടെ അണിനിരന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ ജാമിഅ അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ നേതാക്കള്‍ അഭിവാദ്യം ചെയ്തു. കേരളത്തിലുടനീളമുള്ള ജാമിഅ അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു സംഗമം.
ഗ്രാന്‍ഡ് സല്യൂട്ടിന് ഒ.ടി മുസ്തഫ ഫൈസി മുടിക്കോട് സ്വാഗതം പറഞ്ഞു. ഇറം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹ്മദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു.
നേരത്തെ, രാവിലെ നടന്ന സ്റ്റുഡന്റ്‌സ് കോംക്ലേവില്‍ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ മാരായമംഗലം, അബ്ദുല്ലത്തീഫ് ഫൈസി പാതിരണ്ണ, ഹംസ ഫൈസി ഹൈത്തമി, മുഹമ്മദലി ഫൈസി കൂമണ്ണ, ടി.കെ അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. മലക അക്കാദമിക് കോണ്‍ഫറന്‍സില്‍ ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പ്രവാസി സംഗമത്തില്‍ മൊയ്തീന്‍ ഹാജി അല്‍ഐന്‍, അബ്ദുല്‍ മുഹൈമിന്‍, കെ.പി മുഹമ്മദ് കുട്ടി, സി.പി ബാവ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
നാളെ വൈകീട്ട് സനദ്ദാന-മജ്‌ലിസുന്നൂര്‍ ചടങ്ങുകളോടെ സമ്മേളനം സമാപിക്കും. സമാപന സമ്മേളനം മൊറോക്കോ പണ്ഡിതന്‍ മുഹമ്മദ് മാലികി ഉദ്ഘാടനം ചെയ്യും. തെലങ്കാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍ മുഖ്യാതിഥിയാകും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സനദ്‍ദാനം നിര്‍വഹിക്കും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ്‍ദാന പ്രഭാഷണം നടത്തും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ സമസ്ത നേതാക്കളായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസമദ് സമദാനി എം.പി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.