04/06/2026
[fontresizer_tawhidurrahmandear_widget]

ശുഭ്രസാഗരം സാക്ഷി! ജാമിഅ നൂരിയ്യ സമ്മേളത്തിന് പ്രൗഢ പരിസമാപ്തി

 ശുഭ്രസാഗരം സാക്ഷി! ജാമിഅ നൂരിയ്യ സമ്മേളത്തിന് പ്രൗഢ പരിസമാപ്തി

മലപ്പുറം: മൂന്ന് ദിവസങ്ങളിലായി അറിവിന്റെയും ആത്മീയതയുടെയും വസന്തം തീര്‍ത്ത പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63-ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. ഫൈസാബാദില്‍ ഒഴുകിയെത്തിയ ജനസഞ്ചയത്തെ സാക്ഷിയാക്കി നടന്ന 61-ാം സനദ് ദാന മഹാസമ്മേളനത്തോടെയാണ് ഫൈസാബാദിലെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണത്. മതവിജ്ഞാനീയങ്ങളില്‍ നൈപുണ്യം നേടിയ നൂറുകണക്കിന് യുവ പണ്ഡിതര്‍ ചടങ്ങില്‍ ‘ഫൈസി’ ബിരുദം ഏറ്റുവാങ്ങി കര്‍മഗോദയിലിറങ്ങി.

വൈകീട്ട് നടന്ന സമാപന മഹാസമ്മേളനം തെലങ്കാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനിക മുന്നേറ്റത്തിലൂടെ മാത്രമേ സമുദായത്തിന് കരുത്താര്‍ജിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണ നിറയുന്ന കാലത്ത് പണ്ഡിതൻമാർ നന്മയുടെ സന്ദേശം പ്രബോധനം ചെയ്യണമെന്നും അസ്ഹറുദ്ദീൻ കൂട്ടിച്ചേര്‍ത്തു.

ജാമിഅ നൂരിയ്യ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫൈസി ബിരുദദാരികള്‍ക്കുള്ള സനദ്‍ദാനവും തങ്ങള്‍ നിര്‍വഹിച്ചു. ഉലമാ-ഉമറാ ബന്ധത്തിന്റെ തിളക്കമാര്‍ന്ന അധ്യായമാണ് ജാമിഅ. ഉലമാ-ഉമറാ ബന്ധത്തിന്റെ ചേര്‍ന്നുനില്‍പ്പിന്റെ ഉദാഹരണം കൂടിയാണിത്. ആ ബന്ധം ഇനിയും ശക്തമായി മുന്നോട്ടുപോകണമെന്ന് സാദിഖലി തങ്ങള്‍ ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ്‍ദാന പ്രസംഗം നിര്‍വഹിച്ചു. ആദര്‍ശ വിശുദ്ധി കാത്തുസൂക്ഷിച്ച് സമൂഹത്തിന് മാതൃകയാകാന്‍ പുതിയ ഫൈസിമാരോട് തങ്ങള്‍ ആഹ്വാനം ചെയ്തു. ജാമിഅ പ്രിന്‍സിപ്പലും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസമദ് സമദാനി എം.പി, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രാത്രി വൈകി നടന്ന മജ്ലിസുന്നൂര്‍ വാര്‍ഷിക ആത്മീയ സദസ്സോടെയാണ് സമ്മേളനത്തിന് സമാപനം കുറിച്ചത്. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. നിരവധി സാദാത്തുക്കളും പണ്ഡിതന്മാരും ആത്മീയ സദസ്സില്‍ പങ്കുചേര്‍ന്നു.

വിദ്യാര്‍ത്ഥി സംഗമങ്ങള്‍, മഹല്ല് നേതൃസംഗമം, അക്കാദമിക് കോണ്‍ഫറന്‍സുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഫൈസാബാദില്‍ അരങ്ങേറിയത്.

Also read: