എസ്.എം.എഫ് ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനം നാളെ ചെമ്മാട്ട്
മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ (എസ്എംഎഫ്) 50-ാം വാർഷിക ആഘോഷങ്ങൾക്ക് നാളെ ഔദ്യോഗിക തുടക്കമാകും. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനം നാളെ വൈകീട്ട് നാലു മണിക്ക് ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശിഷ്ടാതിഥിയാകും. എം.ടി അബ്ദുൽ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട് ആമുഖ പ്രഭാഷണം നടത്തും.
പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.എ മജീദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ വിഷയാവതരണം നടത്തും.
ജൂബിലി വർഷത്തോടനുബന്ധിച്ച് സംഘടന വിഭാവനം ചെയ്യുന്ന വിപുലമായ പദ്ധതികൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ ദേശീയ സെമിനാറുകൾ സംഘടിപ്പിക്കും. കോഴിക്കോട്, കണ്ണൂർ, കാസർകോട്, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ചരിത്ര കോൺഫറൻസുകൾ നടക്കും.
മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി 500 മഹല്ലുകളിൽ ‘ഹിമായ’ കോഴ്‌സുകൾ, 5,000 പള്ളികളിൽ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ എന്നിവ ഒരുക്കും. 500 ഇ-മഹല്ലുകൾ നടപ്പിലാക്കും, സമ്പൂർണ ഫാമിലി ഡയറക്ടറി പൂർത്തിയാക്കും. ‘നാട്ടു നന്മ ലഹരിമുക്തം’ എന്ന പേരിൽ വ്യാപകമായ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും.
നാളെ രാവിലെ കെ.എം സൈതലവി ഹാജി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന വിവിധ സെഷനുകളിൽ ശറഫുദ്ദീൻ ഹുദവി ആനമങ്ങാട്, നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ മഹല്ലുകളിലും എസ്.എം.എഫ് സമർപ്പണ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ വർക്കിങ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, എ.കെ ആലിപ്പറമ്പ് എന്നിവർ പങ്കെടുത്തു.