‘മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടന; ചേർത്തുനിർത്തും, ഭിന്നിപ്പുണ്ടാക്കാൻ ഒരാളും വരേണ്ട’-സാദിഖലി തങ്ങളെ കണ്ട് വി.ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടനയാണെന്നും ചേർത്തുനിർത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കേരളീയ സമൂഹം അർഹിക്കുന്ന നേതാവിനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു.
ടീം യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ ഭാഗത്തുനിന്ന് കിട്ടിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. വളരെ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് അദ്ദേഹത്തെ കാണുന്നത്. ഇതുപോലെ ഒരുമിച്ച് ഒരു ടീമായി ഈ നാടിനു മാറ്റമുണ്ടാക്കാൻ ഒരുമിച്ചു നിന്ന് പ്രവർത്തിക്കും. ഭിന്നിപ്പുണ്ടാക്കാൻ ഒരാളും വരേണ്ടതില്ല. അതിനെല്ലാം ചുട്ട മറുപടി ലഭിക്കുമെന്നും സതീശൻ പറഞ്ഞു.
”പാണക്കാട് കുടുംബവും മുസ്ലിം ലീഗുമായും ദീർഘകാലമായി വളരെ അടുത്ത ബന്ധമുള്ള രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഞാൻ. യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് മുസ്ലിം ലീഗ്. ഞങ്ങൾ ഒരുകാലത്തും ഇല്ലാത്ത വിധം ടീം യുഡിഎഫ് ആയാണു പ്രവർത്തിച്ചത്. ഒരു പാർട്ടി പ്രവർത്തിക്കും പോലെയാണ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രവർത്തിച്ചത്. അതിനെല്ലാം എല്ലാ പിന്തുണയും തന്നയാളാണ് സാദിഖലി തങ്ങൾ.”
കേരളം മുഴുവൻ അംഗീകരിച്ച യുഡിഎഫ് സ്വീകരിച്ച അതിശക്തമായ മതേതര നിലപാടിന്റെ പിൻബലവും തങ്ങളായിരുന്നു. കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി ഭിന്നിപ്പുണ്ടാക്കാൻ പല ശക്തികളും ശ്രമിച്ചു. മുനമ്പം, പള്ളുരുത്തി വിഷയങ്ങളിലെല്ലാം അതുണ്ടായി. ആ സമയത്ത് മുസ്ലിം ലീഗും സാദിഖലി തങ്ങളും എടുത്ത നിലപാട് എന്നെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദ് സമയത്ത് ശിഹാബ് തങ്ങൾ എടുത്ത നിലപാടിന്റെ പിന്തുടർച്ചയായിരുന്നു ആ മതേതര നിലപാട്. പള്ളുരുത്തി, മുനമ്പം വിഷയങ്ങൾ വേണമെങ്കിൽ കേരളത്തിൽ ആളിക്കത്തി ശത്രുത ഉണ്ടാക്കാമായിരുന്നു. അതിന്റെ തീ കെടുത്തിയത് തങ്ങളാണ്. അങ്ങനെയുള്ളൊരു ബഹുമാനവും കൂടിയുണ്ട്. ഒരു വർഗീയ വിദ്വേഷം വരുന്ന ഒരു പരാമർശവും ഒരു മുസ്ലിം ലീഗ് നേതാവും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്തും ഇപ്പോഴും ചിലരെല്ലാം പ്രചാരണം നടത്തുന്നുണ്ട്. അതിനെയെല്ലാം ഞങ്ങൾ ശക്തിയായി നേരിട്ടതാണെന്നും വി.ഡി സതീശൻ പറഞ്ഞു.
മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം ആരു കൊണ്ടുപോകുമെന്ന ചോദ്യമുണ്ട്. പിന്നീട് കേരളം ഉണ്ടാകില്ല. ഞങ്ങൾ സഹോദര സംഘടനകളാണ്. ചേർത്തുനിർത്തും. ലീഗിനു മേധാവിത്വമുള്ള ചില സ്ഥലങ്ങളിൽ ഞങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ട് ഞങ്ങൾക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല. അവർ കൊണ്ടുപോയി ജയിപ്പിച്ച് ഇങ്ങോട്ടു തരികയാണുണ്ടായത്. ഞങ്ങൾക്ക് മേധാവിത്വമുള്ള സ്ഥലങ്ങളിൽ അവരുടെ സ്ഥാനാർഥികളെയും ഇതുപോലെ ജയിപ്പിച്ചെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ മുനീര്‍, പി.എം.എ സലാം, കെ.പി.എ മജീദ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.