28/03/2026
[fontresizer_tawhidurrahmandear_widget]

അദാനി ഇനി വിമാനവും നിർമ്മിക്കും; ബ്രസീലിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു

 അദാനി ഇനി വിമാനവും നിർമ്മിക്കും; ബ്രസീലിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: വാണിജ്യ വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനായി ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമ്മാതാക്കളായ ബ്രസീലിയൻ കമ്പനി എംബ്രയറുമായി അദാനി എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ ഡൽഹിയിലായിരുന്നു പ്രഖ്യാപനം.

കരാറിലെ പ്രധാന മേഖലകൾ

  • അസംബ്ലി ലൈനുകൾ, ടെസ്റ്റിങ്, ഡെലിവറി സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള വിമാന നിർമ്മാണം.
  • വിതരണ ശൃംഖലകൾ, എംആർഒ, പൈലറ്റ് പരിശീലനം എന്നിവ ഉൾക്കൊള്ളുന്ന വാണിജ്യ വ്യോമയാന ആവാസവ്യവസ്ഥയുടെ നിർമ്മാണം.
  • വിമാന ഭാഗങ്ങളുടെയും ഉപഘടകങ്ങളുടെയും നിർമ്മാണത്തിലൂടെ ഇന്ത്യയിൽ ആഴത്തിലുള്ള പ്രാദേശികവൽക്കരണം ഉറപ്പാക്കൽ.

കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാന നിർമ്മാണം പ്രാദേശികവൽക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പങ്കാളിത്തത്തിന്റെ ഘടന, നിർമ്മാണ യൂണിറ്റിന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ തുടരുകയാണെന്ന് എംബ്രയർ അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ പദ്ധതിയുടെ സമയക്രമം സംബന്ധിച്ച കൂടുതൽ വ്യക്തത വരുമെന്ന് അദാനി ഡിഫൻസ് ഡയറക്ടർ ജീത് അദാനി വ്യക്തമാക്കി.

ഉഡാൻ പദ്ധതിയിലൂടെ ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കുള്ള വ്യോമയാന സേവനം വർദ്ധിക്കുന്നത് മുൻനിർത്തിയാണ പുതിയ ചുവടുവെപ്പ്. അടുത്ത 20 വർഷത്തിനുള്ളിൽ 500ലധികം ചെറിയ ജെറ്റുകൾ ഇന്ത്യയ്ക്ക് ആവശ്യമായി വരുമെന്നാണ് എംബ്രയറിന്റെ കണക്കുകൂട്ടൽ. ഇന്ത്യൻ വ്യോമസേനയ്ക്കും സ്റ്റാർ എയർ പോലുള്ള വിമാനക്കമ്പനികൾക്കും നിലവിൽ എംബ്രയർ വിമാനങ്ങൾ സേവനം നൽകുന്നുണ്ട്.

Also read: