ഒപ്പില്ല, മുദ്രയുമില്ല; അദാനിക്കെതിരെയുള്ള യുഎസ് സമൻസ് മടക്കി ഇന്ത്യൻ നിയമ മന്ത്രാലയം
ന്യൂഡൽഹി: ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (SEC) പുറപ്പെടുവിച്ച സമൻസ് കൈമാറാൻ ഇന്ത്യൻ നിയമ മന്ത്രാലയം വിസമ്മതിച്ചു. സമൻസുകളിൽ മഷി കൊണ്ടുള്ള ഒപ്പും ഔദ്യോഗിക മുദ്രയുമില്ലെന്ന സാങ്കേതിക കാരണങ്ങൾ നിരത്തിയാണ് മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യൻ എക്‌സ്പ്രസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം മേയ്, ഡിസംബർ മാസങ്ങളിലായി രണ്ട് തവണ സമൻസ് നടപ്പിലാക്കാനുള്ള അപേക്ഷ മന്ത്രാലയം തള്ളിയതായാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. രേഖകളുടെ ആധികാരികത ഉറപ്പുവരുത്താൻ ഇത്തരം ഔദ്യോഗിക അടയാളങ്ങൾ അത്യാവശ്യമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാൽ, രാജ്യാന്തര നിയമങ്ങൾ പ്രകാരം (ഹേഗ് കൺവെൻഷൻ) ഇത്തരം നടപടിക്രമങ്ങൾ നിർബന്ധമില്ലെന്ന് യുഎസ് റെഗുലേറ്റർ വാദിക്കുന്നുണ്ട്. ഇന്ത്യൻ അധികൃതരുടെ നിസ്സഹകരണം കാരണം ഇമെയിൽ വഴി സമൻസ് അയക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി എസ്ഇസി ഇപ്പോൾ ന്യൂയോർക്ക് കോടതിയെ സമീപിച്ചിരിക്കുകയാണ്.
അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ബോണ്ട് വിൽപ്പനയുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് എസ്ഇസി ആരോപിക്കുന്നത്. 600 മില്യൺ ഡോളറിന്റെ ബോണ്ട് വാഗ്ദാനങ്ങൾ പിൻവലിക്കാൻ ഇടയാക്കിയ ക്രിമിനൽ കേസിന് പുറമെയാണിത്. അതേസമയം, എസ്ഇസിയുടെ എൻഫോഴ്‌സ്‌മെന്റ് രീതികളിൽ സമൻസ് ഉൾപ്പെടുന്നില്ലെന്ന വിചിത്രമായ വാദവും രണ്ടാം തവണ മന്ത്രാലയം ഉന്നയിച്ചു.
ഈ നിയമപ്രതിസന്ധികൾ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയുണ്ടാക്കി. ഗ്രൂപ്പിന്റെ വിവിധ ഓഹരികൾക്ക് 3.3 ശതമാനം മുതൽ 14.6 ശതമാനം വരെ ഇടിവാണ് നേരിട്ടത്. എസ്ഇസിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് ആവർത്തിച്ചു. കമ്പനിക്കെതിരെ അഴിമതി കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും സിവിൽ സ്വഭാവമുള്ള കേസുകൾ മാത്രമാണ് നിലവിലുള്ളതെന്നും അദാനി ഗ്രീൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.