27/03/2026
[fontresizer_tawhidurrahmandear_widget]

സ്‌കീയിങ് അപകടത്തിനു പിന്നാലെ ഹൃദയാഘാതം; വേദാന്ത ഗ്രൂപ്പ് മേധാവി അനിൽ അഗർവാളിന്റെ മകൻ അഗ്‌നിവേശ് അഗർവാൾ അന്തരിച്ചു

 സ്‌കീയിങ് അപകടത്തിനു പിന്നാലെ ഹൃദയാഘാതം; വേദാന്ത ഗ്രൂപ്പ് മേധാവി  അനിൽ അഗർവാളിന്റെ മകൻ അഗ്‌നിവേശ് അഗർവാൾ അന്തരിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളിന്റെ മകൻ അഗ്‌നിവേശ് അഗർവാൾ (49) അന്തരിച്ചു. ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. അമേരിക്കയിൽ വെച്ചുണ്ടായ സ്‌കീയിംഗ് അപകടത്തെത്തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഗ്‌നിവേശ്, ആരോഗ്യവാനായി തിരിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

മകന്റെ വിയോഗത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും ഇരുണ്ട ദിനം’ എന്നാണ് അനിൽ അഗർവാൾ വിശേഷിപ്പിച്ചത്. അപകടത്തിന് ശേഷമുള്ള മോശം സാഹചര്യങ്ങളെല്ലാം മാറിയെന്ന് കരുതിയിരിക്കെയാണ് വിധി മറ്റൊരു രൂപത്തിൽ എത്തിയതെന്ന് അദ്ദേഹം വേദനയോടെ പങ്കുവെച്ചു. ‘ആരോഗ്യവാനും ജീവിതം മുഴുവൻ സ്വപ്നങ്ങൾ കൊണ്ട് നിറഞ്ഞവനുമായിരുന്നു അഗ്‌നിവേശ്. ഇത്ര നേരത്തെ അവൻ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,’ അഗർവാൾ എക്‌സിൽ കുറിച്ചു. ഒരു പിതാവിന് തന്റെ മകനെ യാത്രയാക്കേണ്ടി വരുന്നത് വാക്കുകൾക്ക് അപ്പുറമുള്ള വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1976 ജൂൺ 3ന് പട്‌നയിലായിരുന്നു അഗ്‌നിവേശിന്റെ ജനനം. ഇടത്തര ബിഹാരി കുടുംബത്തിൽ വളർന്ന അദ്ദേഹം കഠിനാധ്വാനം കൊണ്ടും കരുത്തുറ്റ വ്യക്തിത്വം കൊണ്ടും ശ്രദ്ധേയനായി. അജ്മീറിലെ മായോ കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഫുജൈറ ഗോൾഡ് സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഹിന്ദുസ്ഥാൻ സിങ്കിന്റെ ചെയർമാൻ, തൽവണ്ടി സാബോ പവർ ലിമിറ്റഡ് ചെയർപേഴ്‌സൺ എന്നീ നിലകളിൽ മികച്ച ബിസിനസ് നേതൃത്വം അദ്ദേഹം കാഴ്ചവെച്ചു. വലിയ നേട്ടങ്ങൾക്കിടയിലും തികച്ചും ലളിതവും ഊഷ്മളവുമായ സ്വഭാവം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

മകന്റെ വലിയ ആഗ്രഹപ്രകാരം തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനത്തിലധികം സമൂഹത്തിന്റെ ഉന്നമനത്തിനായി തിരികെ നൽകുമെന്ന വാഗ്ദാനം അനിൽ അഗർവാൾ വീണ്ടും ഉറപ്പിച്ചു. ‘സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അഗ്‌നി അഗാധമായി വിശ്വസിച്ചിരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഒന്നിനും കുറവില്ലെന്നും നമ്മൾ എന്തിന് പിന്നിലായിരിക്കണം എന്നും അവൻ എപ്പോഴും ചോദിക്കുമായിരുന്നു. ഓരോ കുട്ടിക്കും വിദ്യാഭ്യാസവും ഭക്ഷണവും ഉറപ്പാക്കണമെന്ന അവന്റെ സ്വപ്നത്തിനായി ഞാൻ തുടർന്നും പ്രവർത്തിക്കും,’ അനിൽ അഗർവാൾ പറഞ്ഞു.

അഗ്‌നിവേശിന്റെ അകാല വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അഗർവാളിന്റെ കുടുംബത്തിന് ഈ വലിയ നഷ്ടം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. കിരൺ അഗർവാളാണ് അഗ്‌നിവേശിന്റെ മാതാവ്. വേദാന്ത ലിമിറ്റഡ് ബോർഡ് അംഗമായ പ്രിയ അഗർവാൾ സഹോദരിയാണ്.

Also read: