ട്രംപിന്റെ ഗസ്സ സമാധാന ബോർഡിൽ ഇന്ത്യൻ വംശജൻ; ആരാണ് അജയ് ബംഗ?
വാഷിങ്ടൺ: ഗസ്സയിലെ സമാധാനശ്രമങ്ങൾക്കായി ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ഉന്നതതല ബോർഡിൽ ഇന്ത്യൻ വംശജനായ അജയ് ബംഗയും. ഗസ്സയുടെ താൽക്കാലിക ഭരണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ട്രംപ് പ്രഖ്യാപിച്ച സമാധാന ബോർഡിലാണ് ലോകബാങ്ക് പ്രസിഡന്റായ അജയ് ബംഗ ഇടംപിടിച്ചത്. ഗസ്സയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ അധ്യക്ഷതയിലുള്ള ഈ സമാധാന സമിതിയുടെ പ്രഖ്യാപനം.
ആരാണ് അജയ് ബംഗ?
ലോകബാങ്ക് ഗ്രൂപ്പിന്റെ പതിനാലാമത് പ്രസിഡന്റായി നിലവിൽ സേവനമനുഷ്ഠിച്ചുവരികയാണ് അജയ് ബംഗ. 2023 ഫെബ്രുവരിയിൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഈ പദവിയിലേക്ക് ബംഗയെ നാമനിർദ്ദേശം ചെയ്തത്. തുടർന്ന് അതേ വർഷം മേയ് മാസത്തിൽ നിയമനം സ്ഥിരീകരിക്കുകയും ജൂൺ 2ന് അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു. എൺപത് വർഷത്തോളം പഴക്കമുള്ള ലോകബാങ്ക് എന്ന ആഗോള സ്ഥാപനത്തെ കൂടുതൽ വേഗതയുള്ളതും കാര്യക്ഷമവുമായ ഒന്നാക്കി മാറ്റുന്നതിൽ ബംഗ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വായ്പാ ശേഷി വർദ്ധിപ്പിക്കുന്നതിനും വികസന പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നതിനുമുള്ള വിപുലമായ പരിഷ്‌കാരങ്ങളാണ് ബാങ്കിൽ നടന്നുവരുന്നത്.
മഹാരാഷ്ട്രയിലെ ഖഡ്കിയിൽ 1959ൽ സിഖ് കുടുംബത്തിൽ ജനിച്ച അജയ് ബംഗയുടെ പിതാവ് ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, അഹമ്മദാബാദ് ഐഐഎമ്മിൽ (IIM) നിന്നാണ് മാനേജ്‌മെന്റ് ബിരുദം പൂർത്തിയാക്കിയത്.
ആഗോള ബിസിനസ് രംഗത്ത് ദശകങ്ങളുടെ പരിചയസമ്പത്തുള്ള ബംഗ, ലോകബാങ്കിലെത്തുന്നതിന് മുൻപ് മാസ്റ്റർകാർഡിന്റെ പ്രസിഡന്റ്, സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 24,000ത്തോളം ജീവനക്കാരുള്ള മാസ്റ്റർകാർഡിനെ ആഗോളതലത്തിൽ വളർത്തുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ ജനറൽ അറ്റ്‌ലാന്റിക്കിന്റെ വൈസ് ചെയർമാനായും ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെയും പൊതുസേവന രംഗത്തെയും സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2016ൽ ഭാരതം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. സിംഗപ്പൂർ പബ്ലിക് സർവീസ് സ്റ്റാർ (2022), ഫോറിൻ പോളിസി അസോസിയേഷൻ മെഡൽ (2012) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. അമേരിക്കൻ റെഡ് ക്രോസ് ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകളുടെ ബോർഡുകളിൽ പ്രവർത്തിച്ചിട്ടുള്ള ബംഗയുടെ അനുഭവപരിചയം ഗസ്സ സമാധാന ബോർഡിലും നിർണ്ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.