06/03/2026
[fontresizer_tawhidurrahmandear_widget]

‘അജിത് പവാറും ശരദ് പവാറും ഒന്നിക്കാൻ പോകുന്നു; മഹാവികാസ് സഖ്യത്തിലേക്ക് തിരിച്ചെത്തും’-റാവത്തിന്റെ വെളിപ്പെടുത്തൽ വന്ന് ദിവസങ്ങൾക്കകം ദാരുണാന്ത്യം

 ‘അജിത് പവാറും ശരദ് പവാറും ഒന്നിക്കാൻ പോകുന്നു; മഹാവികാസ് സഖ്യത്തിലേക്ക് തിരിച്ചെത്തും’-റാവത്തിന്റെ വെളിപ്പെടുത്തൽ വന്ന് ദിവസങ്ങൾക്കകം ദാരുണാന്ത്യം

പൂനെ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ‘ദാദ’ എന്ന് വിളിക്കപ്പെടുന്ന അജിത് പവാർ ബാരാമതിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ മരിച്ചതിനു പിന്നാലെ ദിവസങ്ങൾക്കുമുൻപ് വന്ന എൻസിപി ലയന വാർത്തയാണ് വീണ്ടും ചർച്ചയാകുന്നത്. ഉദ്ദവ് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്താണ് നാലു ദിവസം മുൻപ് ആ വെളിപ്പെടുത്തൽ നടത്തിയത്. അജിത് പവാറും ശരദ് പവാറും ഒന്നിക്കാൻ പോകുകയാണെന്നായിരുന്നു ആ വെളിപ്പെടുത്തൽ. അജിത് എൻസിപി മഹാവികാസ് സഖ്യത്തിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

വെറും നാല് ദിവസം മുൻപാണ് ശിവസേന(യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് മുംബൈയിൽ മാധ്യമങ്ങളോട് ആ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയത്. ‘രണ്ട് വള്ളങ്ങളിൽ കാലു വെച്ച് അധികദൂരം സഞ്ചരിക്കാൻ ആർക്കും സാധിക്കില്ല. അജിത് പവാർ ഇപ്പോൾ മാനസികമായി ശരദ് പവാറിനൊപ്പമാണ്. വൈകാതെ തന്നെ അദ്ദേഹം ശരദ് പവാർ വിഭാഗവുമായി ലയിക്കും,’ എന്നായിരുന്നു റാവത്തിന്റെ വാക്കുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അജിത് പവാർ അസ്വസ്ഥനായിരുന്നുവെന്നും മഹായുതി വിട്ട് മഹാവികാസ് അഘാഡിയിലേക്ക്(എംവിഎ) മടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നുമുള്ള സൂചനയും റാവത്ത് നൽകിയിരുന്നു.

പിംപ്രി ചിഞ്ച്വാദ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുവിഭാഗം എൻ.സി.പികളും ഒറ്റക്കെട്ടായി നീങ്ങിയത് പവാർ കുടുംബം ഒന്നിക്കുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അജിത് പവാർ തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ശരദ് പവാറുമായി ഒത്തുതീർപ്പിലെത്തുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. അജിത് പവാറിന്റെ മടങ്ങിവരവ് എൻ.സി.പിക്ക് പഴയ പ്രതാപം നൽകുമെന്ന് കരുതിയിരുന്ന അണികൾക്ക് ഈ വിയോഗം കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അജിത് പവാറിന്റെ വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് ഭരണസഖ്യമായ മഹായുതിയിൽ ഒരേസമയം വലിയ ശൂന്യതയും നിരവധി ചോദ്യങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. 41 എം.എൽ.എമാരും ഒരു ലോക്സഭാ എം.പിയുമുള്ള അജിത് പവാർ വിഭാഗം, സർക്കാരിന്റെ നിലനിൽപ്പിൽ നിർണായക ഘടകമാണ്.

ആറ് തവണ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ, പൃഥ്വിരാജ് ചവാൻ, ഉദ്ദവ് താക്കറെ, ഏക്നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ മന്ത്രിസഭകളിൽ പ്രവർത്തിച്ച അപൂർവ റെക്കോർഡിനുടമയാണ്. ജനകീയനായ നേതാവും തന്ത്രശാലിയുമായ അദ്ദേഹത്തിന്റെ അഭാവത്തിൽ എൻ.സി.പി അജിത് വിഭാഗത്തെ ആര് നയിക്കും എന്നതും, ഈ വിഭാഗം ചിതറിപ്പോകുമോ അതോ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ (എസ്.പി) ലയിക്കുമോ എന്നതും വരും ദിവസങ്ങളിൽ നിർണായകമാകും.

ശരദ് പവാർ സജീവ രാഷ്ട്രീയം വിടാനൊരുങ്ങുകയും, സുപ്രിയ സുലെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, മഹാരാഷ്ട്രയിലെ ഗ്രാമീണ അടിത്തറയുള്ള നേതാവിനെയാണ് എൻ.സി.പിക്ക് നഷ്ടമായിരിക്കുന്നത്. റാവത്തിന്റെ വാക്കുകൾ ശരിയായിരുന്നുവെങ്കിൽ, ഒരുപക്ഷേ മഹാരാഷ്ട്ര രാഷ്ട്രീയം മറ്റൊരു ദിശയിലേക്ക് മാറുമായിരുന്ന നിർണായക ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത അന്ത്യം.

Also read: