02/03/2026
[fontresizer_tawhidurrahmandear_widget]

ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

 ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര  ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. ഇന്ന് രാവിലെ 8.45-ഓടെ പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അജിത് പവാറിനെക്കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും അപകടത്തിൽ മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിസിജിഎ) സ്ഥിരീകരിച്ചു. പൈലറ്റ്, കോ-പൈലറ്റ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ.

മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോവുകയായിരുന്ന ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്.ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയിൽ പങ്കെടുക്കാനായി ബാരാമതിയിലേക്ക് പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. വിമാനം നിലത്തിറങ്ങുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയും സമീപത്തെ തുറസായ സ്ഥലത്ത് തകർന്നു വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ വിമാനം പൂർണമായും കത്തിനശിച്ച നിലയിലാണ് കാണപ്പെട്ടത്.

അപകടവിവരം അറിഞ്ഞയുടൻ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ, ബന്ധുവും എം.പിയുമായ സുപ്രിയ സുലെ എന്നിവർ ബാരാമതിയിലേക്ക് തിരിച്ചിട്ടുണ്ട്. അജിത് പവാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ നേതാവിന്റെ അപ്രതീക്ഷിത വിയോഗം സംസ്ഥാനത്തെയാകെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.

Also read: