ഡല്‍ഹിയില്‍ തെരുവുയുദ്ധം; അമിത് ഷായുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി തൃണമൂല്‍ എംപിമാര്‍, മഹുവയെ വലിച്ചിഴച്ച് പോലീസ്
കൊൽക്കത്ത: കൊൽക്കത്തയിലെ ഐ-പാക് (I-PAC) റെയ്ഡിൽ ഡൽഹിയിലേക്കും പ്രതിഷേധം വ്യാപിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡൽഹിയിലെ ഓഫീസിലേക്ക് ടിഎംസി എംപിമാർ മാർച്ച് നടത്തി.
പ്രതിഷേധിച്ച എംപിമാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച മഹുവാ മൊയ്ത്ര ഉൾപ്പെടെയുള്ള വനിതാ നേതാക്കളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്.
ഡെറിക് ഒബ്രയാൻ, സാകേത് ഗോഖലെ, സാഗരിക ഘോഷ്, ഡോല സെൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് എംപിമാർ ആരോപിച്ചു. കൈകളിൽ പ്ലക്കാർഡുകളേന്തി മുദ്രാവാക്യം വിളിച്ച എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
“ഞങ്ങൾ സമാധാനപരമായി പ്രതിഷേധിക്കാനാണ് എത്തിയത്. എന്നാൽ പോലീസ് ഞങ്ങളെ വലിച്ചിഴയ്ക്കുകയും കൈയേറ്റം ചെയ്യുകയുമാണ് ഉണ്ടായത്. ഇത് ജനാധിപത്യത്തിന്റെ മരണമാണ്,” മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു. മഹുവയേയും സഹപ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഐ-പാക് ഓഫീസിൽ നിന്ന് തെരഞ്ഞെടുപ്പ് രേഖകൾ മോഷ്ടിക്കാൻ ഇഡിയെ ഉപയോഗിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് കൊൽക്കത്തയിൽ റാലി നടത്താനിരിക്കെയാണ് ഡൽഹിയിലും പ്രതിഷേധം കടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത എംപിമാരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.