സംഗീതവേദിയിൽ നിന്ന് രാഷ്ട്രീയക്കളത്തിലേക്കോ? അരിജിത് സിങ്ങിന്റെ വിരമിക്കൽ ചർച്ചയാകുന്നു
മുംബൈ: സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായകൻ അരിജിത് സിങ് പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി 27ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താൻ ഇനി പുതിയ സിനിമാ ഗാനങ്ങൾ ഏറ്റെടുക്കില്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നിൽ സജീവ രാഷ്ട്രീയ പ്രവേശനമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അരിജിത് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി താഴെത്തട്ടിൽ പ്രവർത്തനങ്ങൾ ആരംഭിച്ച് ജനപിന്തുണ ഉറപ്പാക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് സൂചന. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ടീം ഇതിനകം തുടങ്ങിയതായും വാർത്തകളുണ്ട്.
തന്റെ ലളിതമായ ജീവിതശൈലി കൊണ്ടും ജന്മനാടായ മുർഷിദാബാദിലെ സാമൂഹിക ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയനായ അരിജിത്, മുൻപ് പലപ്പോഴും സിനിമയിലെ വാണിജ്യ സമ്മർദ്ദങ്ങളിലുള്ള മടുപ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള പ്രോജക്റ്റുകൾ പൂർത്തിയാക്കിയ ശേഷം സ്വതന്ത്ര സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.