മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കാത്ത സംരക്ഷണം തെര. കമ്മീഷണര്‍മാര്‍ക്ക് മാത്രം എന്തിന്?-മുന്‍ തെര. കമ്മീഷണര്‍ അശോക് ലവാസ
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരില്‍ നിയമനടപടികളില്‍നിന്ന് പരിരക്ഷ നല്‍കുന്നതിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊന്നുമില്ലാത്ത നിയമപരിരക്ഷയാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് അസാധാരണമായ സംരക്ഷണമാണെന്നും ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തില്‍ ഉത്തരവാദിത്തത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ ലവാസ ചൂണ്ടിക്കാട്ടി. ‘മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഇത്തരമൊരു സംരക്ഷണം നല്‍കുന്നതായി എനിക്കറിയില്ല. എടുത്ത തീരുമാനം ശരിയാണെങ്കില്‍ പോലും, അത് കോടതിക്ക് മുന്നില്‍ ന്യായീകരിക്കാന്‍ കഴിയണം,’ അദ്ദേഹം പറഞ്ഞു.
2023-ലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ (നിയമനം, സേവന വ്യവസ്ഥകള്‍, കാലാവധി) നിയമത്തിലെ 16-ാം വകുപ്പ് പ്രകാരം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് അവരുടെ ഔദ്യോഗിക ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് സിവില്‍, ക്രിമിനല്‍ കോടതി നടപടികളില്‍നിന്ന് പരിരക്ഷ ലഭിക്കുന്നുണ്ട്. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പരിരക്ഷയാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ടെങ്കിലും, ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹരജികള്‍ നിലവിലുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നല്‍കുന്ന ‘അമിതാധികാര പരിരക്ഷ’ നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അശോക് ലവാസയുടെ പരാമര്‍ശം. 2018-ല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ ലവാസ, 2020-ല്‍ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ ചേരുന്നതിനായി പദവി രാജിവയ്ക്കുകയായിരുന്നു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ കമ്മീഷന്റെ തീരുമാനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.