‘റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന് ബിൽ ഗേറ്റ്സിസിന് ലൈംഗികരോഗം’: വെളിപ്പെടുത്തലുമായി എപ്സ്റ്റീൻ ഫയലുകൾ; നിഷേധിച്ച് ഗേറ്റ്സ്
വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി കുപ്രസിദ്ധ ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ പുറത്ത്. റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തെത്തുടർന്ന് ഗേറ്റ്സിന് ലൈംഗിക രോഗം പിടിപെട്ടുവെന്നും, വിവരം പുറത്തറിയാതെ ഭാര്യ മെലിൻഡയ്ക്ക് നൽകാനായി അദ്ദേഹം മരുന്നുകൾ ആവശ്യപ്പെട്ടെന്നുമാണ് ഫയലുകളിലെ പ്രധാന ആരോപണം. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്.
2013ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഇമെയിൽ ഡ്രാഫ്റ്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ വാദങ്ങൾ. ബിൽ ഗേറ്റ്സിനെ ബ്ലാക്ക്മെയിൽ ചെയ്യാനും അപകീർത്തിപ്പെടുത്താനുമുള്ള എപ്സ്റ്റീന്റെ ശ്രമമാണിതെന്ന് ഗേറ്റ്സിന്റെ വക്താവ് പ്രതികരിച്ചു. ആരോപണങ്ങൾ തികച്ചും അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിച്ചതിലുള്ള നിരാശയാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾക്ക് പിന്നിലെന്നും ബിൽ ഗേറ്റ്സ് പക്ഷം വാദിക്കുന്നു.
എപ്സ്റ്റീന്റെ ലൈംഗിക കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകൾ ഇപ്പോൾ പരസ്യപ്പെടുത്തിയത്. എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ തനിക്ക് ഖേദമുണ്ടെന്ന് ബിൽ ഗേറ്റ്സ് നേരത്തെ സമ്മതിച്ചിരുന്നു. 2021ൽ ബിൽ ഗേറ്റ്സും മെലിൻഡയും വിവാഹമോചിതരാകാൻ എപ്സ്റ്റീനുമായുള്ള ബന്ധവും ഒരു കാരണമായതായി മെലിൻഡ ഗേറ്റ്സ് വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുറത്തുവന്ന ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.