‘ബോളിവുഡില്‍ മതം നോക്കിയല്ല അവസരങ്ങള്‍ നല്‍കുന്നത്’; എ.ആര്‍ റഹ്മാന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി
മുംബൈ: ഹിന്ദി ചലച്ചിത്ര ലോകത്ത് തനിക്ക് അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍ വര്‍ഗീയതയും ചില ഗ്യാങുകളുമാണെന്ന എ.ആര്‍ റഹ്മാന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി. റഹ്മാന്റെ ആരോപണങ്ങളില്‍ യാതൊരു സത്യവുമില്ലെന്നും, സിനിമയില്‍ അവസരങ്ങള്‍ നല്‍കുന്നത് കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ബോളിവുഡ് ഇപ്പോള്‍ കൂടുതല്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, മുന്‍കാലങ്ങളെ അപേക്ഷിച്ച് ശിപാര്‍ശകള്‍ക്ക് പകരം കഴിവിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ബിജെപി എംഎല്‍എ ജിതേന്ദ്ര കുമാര്‍ ഗോത്വാല്‍ പ്രതികരിച്ചു. ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ റഹ്മാന് സാധിക്കാത്തതാവാം ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റഹ്മാന്റെ കഴിവുകള്‍ ചോദ്യം ചെയ്യപ്പെടാനാവാത്തതാണെന്നും, നല്ല സംഗീതം സൃഷ്ടിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് അംഗീകാരങ്ങള്‍ ലഭിക്കുമെന്നും ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് സയ്യിദ് ഭാഷ പറഞ്ഞു. 1992 മുതല്‍ റഹ്മാന്‍ വലിയ ഹിറ്റുകള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ കഴിവിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഭരിക്കുന്ന പാര്‍ട്ടിയുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ആര്‍ റഹ്മാന്റെ ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പ്രതികരിച്ചു. ഹിന്ദി സിനിമാ ലോകത്ത് സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങി മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള നിരവധി കലാകാരന്മാര്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുണ്ട്. അവര്‍ മഹാരാഷ്ട്രയിലും ഇന്ത്യയിലൊന്നാകെയും ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റുന്നുണ്ടെന്നും അത്താവാലെ പറഞ്ഞു.
അതേസമയം, റഹ്മാന്റെ പരാമര്‍ശങ്ങള്‍ ഗൗരവകരമാണെന്നും, ഓസ്‌കാര്‍ ജേതാവായ ഒരു കലാകാരന് സ്വന്തം രാജ്യത്ത് മതത്തിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു. ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ച് റഹ്മാന്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും, നേരിട്ടല്ലെങ്കിലും പരോക്ഷമായി ചില വര്‍ഗീയ ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.