04/03/2026
[fontresizer_tawhidurrahmandear_widget]

ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലിച്ചില്ല: തന്ത്രം മാറ്റി ബിജെപി; ഇനി ശ്രദ്ധ ദലിത്-ഒബിസി വിഭാഗങ്ങളിലേക്ക്

 ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലിച്ചില്ല: തന്ത്രം മാറ്റി ബിജെപി; ഇനി ശ്രദ്ധ ദലിത്-ഒബിസി വിഭാഗങ്ങളിലേക്ക്

തിരുവനന്തപുരം: ബിജെപി രാഷ്ട്രീയ തന്ത്രം മാറ്റുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ ഔട്ട്‌റീച്ച് പ്രതീക്ഷിച്ച ഫലം കാണാതിരുന്ന പശ്ചാത്തലത്തിൽ, പട്ടികജാതി-ഒബിസി വിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നീക്കം. ഈ മാസം മൂന്നിന് ചേരുന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

കണ്ണൂരിൽ നടന്ന ഭാരവാഹി യോഗത്തിൽ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾക്ക് പാർട്ടിയിൽ അർഹമായ പ്രാധാന്യം നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രമുഖ ദലിത് സംഘടനകൾക്കും ഹിന്ദു വിഭാഗങ്ങളിലെ ചെറു സമുദായങ്ങൾക്കും പ്രാമുഖ്യം നൽകുന്ന പ്രവർത്തന പരിപാടികൾക്കാണ് പാർട്ടി രൂപം നൽകുന്നത്. നേരിട്ട് ചർച്ച നടത്തേണ്ട വിവിധ സമുദായ നേതാക്കളുടെ പട്ടികയും ഇതിനോടകം നേതൃത്വം തയ്യാറാക്കി കഴിഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ അത് വോട്ടായി മാറിയില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പിസി ജോർജിന്റെ സ്വാധീന മേഖലകളിൽ ഒഴികെ മറ്റൊരിടത്തും ക്രിസ്ത്യൻ ഔട്ട്‌റീച്ച് വിജയിച്ചില്ല. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാട് ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടാക്കിയെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, ദക്ഷിണ കേരളത്തിലെ പല സിപിഎം-സിപിഐ കോട്ടകളിലും പട്ടികജാതി വോട്ടുകൾ ബിജെപിക്ക് അനുകൂലമായി മാറിയത് പ്രതീക്ഷ നൽകുന്നുണ്ട്. ക്രൈസ്തവ വോട്ടുകൾ പോലെ ചാഞ്ചാട്ടമുണ്ടാകുന്ന ഒന്നല്ല പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളെന്നും, ഒരിക്കൽ പാർട്ടിയിലേക്ക് എത്തുന്നവർ വിട്ടുപോകില്ലെന്നും നേതാക്കൾ അവകാശപ്പെടുന്നു. പട്ടികജാതി ഔട്ട്‌റീച്ചിനായി കുമ്മനം രാജശേഖരൻ, പി സുധീർ എന്നിവരെയും ഒബിസി വിഭാഗങ്ങൾക്കായി കെ.കെ അനീഷ് കുമാറിനെയും നേരത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സമിതികളെ സജീവമാക്കാനാണ് പാർട്ടി തീരുമാനം.

Also read: