28/03/2026
[fontresizer_tawhidurrahmandear_widget]

അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം തുടരുന്നതിനിടെ ബിജെപി, ആർഎസ്എസ് ആസ്ഥാനങ്ങൾ സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ

 അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം തുടരുന്നതിനിടെ ബിജെപി, ആർഎസ്എസ് ആസ്ഥാനങ്ങൾ സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ

ന്യൂഡൽഹി: അതിർത്തി തർക്കങ്ങൾക്കിടയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) ഉന്നതതല സംഘം ബിജെപി, ആർഎസ്എസ് ആസ്ഥാനത്ത്. ഡൽഹിയിലെത്തിയാണ് സിപിസി സംഘം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. 2020-ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇരു പാർട്ടികളും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നടക്കുന്നത്.

ഡൽഹിയിലെ ബിജെപി ആസ്ഥാനത്തും ആർഎസ്എസ് ആസ്ഥാനമായ കേശവ് കുഞ്ചിലുമാണ് ചൈനീസ് സംഘം സന്ദർശനം നടത്തിയത്.

​സിപിസി ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെൻ്റ് വൈസ് മിനിസ്റ്റർ സൺ ഹയാന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇന്ത്യയിലെത്തിയത്. ബിജെപി ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ജനറൽ സെക്രട്ടറി അരുൺ സിങ് ഇന്ത്യൻ സംഘത്തെ നയിച്ചു.

ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ്ങും യോഗത്തിൽ പങ്കെടുത്തു. പാർട്ടി തലത്തിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യമെന്ന് ബിജെപി വിദേശകാര്യ വിഭാഗം മേധാവി വിജയ് ചൗതായിവാലെ എക്സിൽ കുറിച്ചു.

​ചൊവ്വാഴ്ച ആർഎസ്എസ് ആസ്ഥാനത്തെത്തിയ സംഘം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി.

ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായും കൂടിക്കാഴ്ച നടന്നതായി സൂചനയുണ്ട്. ചൈനീസ് പക്ഷത്തിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

​ചൈനീസ് സംഘത്തിന്റെ സന്ദർശനത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം തുടരുന്നതിനിടെ ചൈനീസ് നേതാക്കളെ ബിജെപി കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നത് രാജ്യദ്രോഹമാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേഥ് ആരോപിച്ചു.​”ഗൽവാനിൽ നമ്മുടെ ധീരജവാന്മാരെ വധിച്ച, ലഡാക്കിലും അരുണാചലിലും കടന്നുകയറ്റം തുടരുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നു. പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈനയുമായി എന്ത് രഹസ്യധാരണയാണുള്ളത്?” സുപ്രിയ എക്സിൽ ചോദിച്ചു.

​ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബിജെപി ആസ്ഥാനത്ത് ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് പാണ്ഡെയും വിമർശിച്ചു. ജനശ്രദ്ധ തിരിച്ചുവിട്ട് ദേശീയ താൽപര്യങ്ങൾ ബിജെപി സർക്കാർ അടിയറവ് വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ പാർട്ടികൾ ചൈനീസ് നേതാക്കളെ കണ്ടാൽ കുറ്റകൃത്യവും ബിജെപിയും ആർഎസ്എസും കണ്ടാൽ സ്വാഭാവിക നടപടിയുമാകുന്നതിലെ ഇരട്ടത്താപ്പ് മുൻ സൈനിക ഉദ്യോഗസ്ഥനും മാധ്യമപ്രവർത്തകനുമായ സുശാന്ത് സിങ് കിങ്ങും ചൂണ്ടിക്കാട്ടി.

ഇത് പാർട്ടികൾ തമ്മിലുള്ള സാധാരണ ആശയവിനിമയം മാത്രമാണെന്നും സർക്കാർ തലത്തിലുള്ള ബന്ധങ്ങളെ ഇത് സഹായിക്കുമെന്നുമാണ് ബിജെപിയുടെ വിശദീകരണം.

Also read: