വഴിയിൽ വീണുകിട്ടിയ 45 ലക്ഷത്തിന്റെ സ്വർണം ഉടമയെ തിരിച്ചേൽപ്പിച്ച ശുചീകരണ തൊഴിലാളിയെ ’വണ്ടറടി’പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപയുടെ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി പത്മ മാതൃകയായി. ടി നഗറിലെ മുപ്പത്തമ്മൻ കോയിൽ സ്ട്രീറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് 48 കാരിയായ പത്മയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്. തന്റെ കഠിനമായ ജീവിതസാഹചര്യങ്ങൾക്കിടയിലും പത്മ പുലർത്തിയ ധാർമ്മികതയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ തെരുവ് തൂത്തുവാരുന്നതിനിടയിലാണ് ഒരു ഉന്തുവണ്ടിക്ക് സമീപം പ്ലാസ്റ്റിക് ബാഗ് പത്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുറന്നു പരിശോധിച്ചപ്പോൾ സ്വർണ്ണാഭരണങ്ങൾ കണ്ട് ഇവർ അമ്പരന്നു. ഒട്ടും വൈകാതെ തന്നെ പത്മ വിവരം ഭർത്താവിനെയും തന്റെ മേലുദ്യോഗസ്ഥരെയും അറിയിച്ചു. തുടർന്ന് ആഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകാനായി പോണ്ടി ബസാർ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു.
രമേഷ് എന്ന ബിസിനസുകാരന്റേതായിരുന്നു നഷ്ടപ്പെട്ട ആഭരണങ്ങൾ. നടന്നുപോകുന്നതിനിടയിൽ അബദ്ധത്തിൽ ബാഗ് നഷ്ടപ്പെട്ട അദ്ദേഹം വലിയ മാനസിക വിഷമത്തിലായിരുന്നു. തന്റെ ഉപജീവനത്തിന്റെ ഭാഗമായ സ്വർണ്ണം തിരികെ ലഭിച്ചപ്പോൾ അദ്ദേഹം പത്മയോട് നന്ദി രേഖപ്പെടുത്തി.
പത്മയുടെ സൽപ്രവൃത്തിയെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അവരെ സെക്രട്ടേറിറ്റിലേക്ക് ക്ഷണിക്കുകയും സത്യസന്ധതയ്ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപയും പ്രശംസാപത്രവും പത്മയ്ക്ക് കൈമാറി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനും ഇവരെ ഔദ്യോഗികമായി അഭിനന്ദിക്കുകയും വകുപ്പിന് തന്നെ മാതൃകയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
പത്മയുടെ കുടുംബം ഇത്തരമൊരു മാതൃക കാണിക്കുന്നത് ഇതാദ്യമല്ല. പത്മയുടെ ഭർത്താവ് സുബ്രഹ്മണിയും മുൻപ് സമാനമായ രീതിയിൽ സത്യസന്ധത തെളിയിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് തനിക്ക് ലഭിച്ച ഒന്നര ലക്ഷം രൂപ അദ്ദേഹം ഉടമയ്ക്ക് തിരികെ നൽകിയിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബം പുലർത്തുന്ന ധാർമ്മിക മൂല്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
നമ്മുടെ തെരുവുകൾ വൃത്തിയാക്കുന്ന ഇത്തരം തൊഴിലാളികൾ സമൂഹത്തിന്റെ വിശ്വസ്തരായ കാവൽക്കാരാണെന്ന് പത്മ തെളിയിക്കുന്നു. വെറും വാക്കുകൾക്ക് അപ്പുറം, ഇത്തരം വ്യക്തികൾക്ക് അർഹമായ അന്തസ്സും സാമ്പത്തിക സുരക്ഷയും നൽകണമെന്ന സന്ദേശമാണ് പത്മയുടെ ജീവിതം നൽകുന്നത്.