‘അത് ഞങ്ങളുടെ പ്രദേശം’; കശ്മീരിലെ ഷാക്സ്ഗാം താഴ്‌വരയില്‍ അവകാശം ഉന്നയിച്ച് ചൈന
ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്
ബെയ്ജിങ്: ജമ്മു കശ്മീരിന്റെ ഭാഗമായ ഷാക്സ്ഗാം താഴ്വരയില്‍ അവകാശവാദവുമായി ചൈന. ഈ പ്രദേശം പൂര്‍ണമായും തങ്ങളുടേതാണെന്നും, അവിടെ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ തങ്ങളുടെ പരമാധികാരത്തില്‍ പെട്ടതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഷാക്സ്ഗാം താഴ്വരയില്‍ ചൈന നടത്തുന്ന അനധികൃത നിര്‍മാണ പ്രവൃത്തികളെ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായി എതിര്‍ത്തിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് നിലപാട് വ്യക്തമാക്കിയത്. ‘ഷാക്സ്ഗാം താഴ്വര ചൈനയുടെതാണ്. അവിടെ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ ചൈനയ്ക്ക് പൂര്‍ണ അധികാരമുണ്ട്’-നിങ് വ്യക്തമാക്കി.
1947-ല്‍ പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ കശ്മീരിന്റെ ഭാഗമായിരുന്നു ഷാക്സ്ഗാം താഴ്വര. 1963ല്‍ ഒപ്പുവെച്ച അതിര്‍ത്തി കരാറിലൂടെ പാകിസ്ഥാന്‍ ഈ പ്രദേശം ചൈനയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍, ഈ കരാര്‍ നിയമവിരുദ്ധമാണെന്നും പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. 1963-ലെ കരാര്‍ പ്രകാരം ഷാക്സ്ഗാം താഴ്വര തങ്ങള്‍ക്ക് ലഭിച്ചതാണെന്നും, അവിടെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കുന്നത് നിയമപരമാണെന്നുമാണ് ചൈനയുടെ വാദം.
സിയാച്ചിന്‍ ഹിമാനിയോട് ചേര്‍ന്ന് കിടക്കുന്ന തന്ത്രപ്രധാനമായ മേഖലയാണ് ഷാക്സ്ഗാം. ഇവിടെ ചൈന നടത്തുന്ന റോഡ് നിര്‍മാണങ്ങളും സൈനിക നീക്കങ്ങളും ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കണമെന്നും, അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ചൈനയുടെ പുതിയ പ്രസ്താവന വരുന്നത്.