04/06/2026
[fontresizer_tawhidurrahmandear_widget]

മനുഷ്യക്കടത്ത് മുതൽ സൈബർ തട്ടിപ്പ് വരെ; മ്യാൻമർ ക്രിമിനൽ കുടുംബത്തിലെ 11 പേരുടെ വധശിക്ഷ നടപ്പാക്കി ചൈന

 മനുഷ്യക്കടത്ത് മുതൽ സൈബർ തട്ടിപ്പ് വരെ; മ്യാൻമർ ക്രിമിനൽ കുടുംബത്തിലെ 11 പേരുടെ വധശിക്ഷ നടപ്പാക്കി ചൈന

ബെയ്ജിങ്: മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പുകൾക്കും ക്രൂരമായ കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയ കുപ്രസിദ്ധ ‘മിംഗ്’ ക്രിമിനൽ കുടുംബത്തിലെ 11 പേരെ ചൈന വധശിക്ഷയ്ക്ക് വിധേയമാക്കി. മനുഷ്യക്കടത്ത്, സൈബർ തട്ടിപ്പ്, നിയമവിരുദ്ധ തടങ്കൽ എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് നടപടി. വധിക്കപ്പെട്ടവരിൽ സംഘത്തലവൻ മിംഗ് സുചാങ്ങിന്റെ മകൻ മിംഗ് ഗുവോപിംഗ്, ചെറുമകൾ മിംഗ് ഷെൻഷെൻ എന്നിവരും ഉൾപ്പെടുന്നു.

മ്യാൻമറിലെ സ്വയംഭരണ പ്രദേശമായ കൊകാങ്ങിലെ ‘ക്രൗച്ചിംഗ് ടൈഗർ വില്ല’ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ആയിരത്തിലധികം പേരെ തടങ്കലിൽ പാർപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ ഇവർ നിർബന്ധിച്ചിരുന്നു. 2025 സെപ്റ്റംബറിൽ തടങ്കലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തൊഴിലാളികളെ സംഘം വെടിവെച്ചു കൊന്നതോടെയാണ് ചൈനീസ് സർക്കാർ നടപടികൾ കർശനമാക്കിയത്. പ്രാദേശിക മിലിഷ്യകളുടെയും ഭരണകൂടത്തിന്റെയും ഒത്താശയോടെയാണ് ക്രിമിനൽ സാമ്രാജ്യം പ്രവർത്തിച്ചിരുന്നത്.

പ്രതിവർഷം 43 ബില്യൺ ഡോളറിലധികം സമ്പാദിക്കുന്ന ഇവർ ചൈനീസ് പൗരന്മാരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ചൈന പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് പിന്നാലെ കുടുംബത്തലവൻ മിംഗ് സുചാങ് കസ്റ്റഡിയിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, അതിർത്തി മേഖലയിലെ ചൂതാട്ടവും തട്ടിപ്പുകളും പൂർണ്ണമായും തുടച്ചുനീക്കുമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Also read: