നടപടി കടുപ്പിച്ച് യുഎസ്; വെനസ്വേലൻ എണ്ണയുമായി ചൈനയിലേക്ക് തിരിച്ച സൂപ്പർടാങ്കറുകൾ വഴിതിരിച്ചുവിട്ടു
വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി അനിശ്ചിതത്വത്തിലാക്കി യുഎസ്. ചൈനീസ് പതാക വഹിച്ച രണ്ട് സൂപ്പർടാങ്കറുകൾ യാത്ര പാതിവഴിയിൽ നിർത്തി തിരിച്ചുപോയി. വെനസ്വേലൻ അസംസ്കൃത എണ്ണയുമായി ചൈനയിലേക്ക് പോകേണ്ടിയിരുന്ന ‘സിങ്യെ’, ‘തൗസൻഡ് സണ്ണി’ എന്നീ കപ്പലുകളാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് വഴിതിരിച്ചുവിട്ടത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് പിടികൂടിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും കടുക്കുന്ന സാമ്പത്തിക ഉപരോധവുമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന. വെനസ്വേലയുടെ ഏറ്റവും വലിയ എണ്ണ വിപണിയായ ചൈനയ്ക്ക് കഴിഞ്ഞ മാസം മുതൽ സർക്കാർ കമ്പനിയായ പിഡിവിഎസ്എയിൽ നിന്ന് നേരിട്ടുള്ള എണ്ണ വിഹിതം ലഭിച്ചിട്ടില്ല. നിലവിൽ സംഭരണികളിൽ കുടുങ്ങിക്കിടക്കുന്ന 50 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ യുഎസ് അനുമതി നൽകിയിട്ടുണ്ടെങ്കിലും, അത് ചൈനയ്ക്ക് നേരിട്ട് ലഭിക്കില്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
അതേസമയം, ആഗോള വ്യാപാര സ്ഥാപനങ്ങളായ വിറ്റോളും ട്രാഫിഗുറയും ചേർന്ന് 2 ബില്യൺ ഡോളറിന്റെ എണ്ണ ചരക്കുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഈ എണ്ണ യുഎസ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലേക്ക് അയക്കാനാണ് നീക്കം. കഴിഞ്ഞ വർഷം വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ മുക്കാൽ ഭാഗവും ചൈനയിലേക്കായിരുന്നു. എന്നാൽ നേരിട്ടുള്ള കൈമാറ്റം തടസ്സപ്പെട്ടതോടെ, ഇടനിലക്കാർ വഴി എണ്ണ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ചൈനീസ് റിഫൈനറികൾ. ഉപരോധം തുടരുന്ന സാഹചര്യത്തിൽ വെനസ്വേലയുടെ എണ്ണ വിപണിയും സാമ്പത്തിക തിരിച്ചടവും കൂടുതൽ പ്രതിസന്ധിയിലാവുകയാണ്.