‘ദിവസവും യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നയാള്‍ ഒളിവിലാണെന്ന് പറയുന്നത് എങ്ങനെ?’-ഷാജന്‍ സ്കറിയ കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷവിമർശനം
ഷാജന്‍ സ്കറിയ
കൊച്ചി: യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. ഡോക്ടർ ജോജോ വി ജോസഫിന്റെ ഫോൺ ചോർത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി കടവന്ത്ര പോലീസിനെതിരെ തിരിഞ്ഞത്.
ഷാജൻ സ്‌കറിയ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. ഈ വാദത്തെ കോടതി ചോദ്യം ചെയ്തു. ഷാജൻ സ്‌കറിയ ദിവസവും യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ, പിന്നെ എങ്ങനെയാണ് ഒളിവിലാണെന്ന് പറയുന്നത്? ഇത്രയധികം പ്രശ്‌നക്കാരനായ ഒരാളെ പിടികൂടാത്തത് എന്തുകൊണ്ടാണെന്നും കോടതി വിമർശിച്ചു.
കടവന്ത്ര പൊലീസാണ് ഷാജൻ സ്‌കറിയയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ്, ഐടി ആക്ട്, ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണ നിയമം എന്നിവയിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഫെബ്രുവരി ഏഴിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും.