രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: കുഞ്ഞികൃഷ്ണനെതിരെ സിപിഎം നടപടിയിലേക്ക്
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച പയ്യന്നൂരിലെ മുതിർന്ന നേതാവ് വി കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. തെറ്റായ പ്രവണതകൾ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വ്യക്തമാക്കി. പാർട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.
ഫണ്ട് തട്ടിപ്പ് സംബന്ധിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചെന്ന രാഗേഷിന്റെ പ്രസ്താവന തള്ളി കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയതോടെയാണ് വിവാദം മുറുകിയത്. രാഗേഷിന്റേത് ശുദ്ധ അസംബന്ധമാണെന്നും, ആരോപണങ്ങളിൽ നടപടി എടുക്കാത്തതിനാലാണ് പരസ്യ പ്രതികരണത്തിന് മുതിർന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജനെതിരായ ആരോപണങ്ങളിലും ഭൂമി ഇടപാടിലും കമ്മീഷന് മുന്നിൽ തെളിവ് ഹാജരാക്കാൻ സാധിച്ചിരുന്നില്ലെന്നും കുഞ്ഞികൃഷ്ണൻ സമ്മതിച്ചു.
അതേസമയം, കുഞ്ഞികൃഷ്ണന്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുൻ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു. പാർട്ടി നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഫണ്ട് പിരിവിന്റെ പേരിൽ ധനാപഹരണം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ തകർക്കാനാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.