ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിതകർത്ത മകൾ പിടിയിൽ
കൊച്ചി: അമ്മയെ ക്രൂരമായി മർദിച്ച് വാരിയെല്ല് തല്ലിയൊടിച്ച മകൾ പോലീസിന്റെ പിടിയിലായി. പനങ്ങാട് സ്വദേശി നിവ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ് ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ മർദനത്തിൽ കലാശിച്ചത്. പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളിയായ സരസു നിലവിൽ ചികിത്സയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. താൻ സ്ഥിരമായി ഉപയോഗിക്കുന്ന ഫേസ് ക്രീം അമ്മ എടുത്തുമാറ്റിയെന്ന് ആരോപിച്ചായിരുന്നു നിവ്യയുടെ അക്രമം. താൻ ക്രീം എടുത്തിട്ടില്ലെന്ന് സരസു ആവർത്തിച്ചു പറഞ്ഞിട്ടും നിവ്യ പിന്മാറിയില്ല. അമ്മയുടെ മുഖത്തും ദേഹത്തും മർദിച്ച നിവ്യ, പിന്നീട് കമ്പിപ്പാര ഉപയോഗിച്ച് വാരിയെല്ലിന് അടിക്കുകയായിരുന്നു. സരസുവിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ സരസുവിനെ ആശുപത്രിയിലെത്തിച്ചത്.
മർദനത്തിന് ശേഷം ഒളിവിൽ പോയ നിവ്യയെ വയനാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇവർ നേരത്തെയും കൊലപാതകം, കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പണത്തിന് വേണ്ടി നിവ്യ വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. പ്രതിക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.