തൊണ്ടിമുതല്‍ കേസ്: മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരന്‍
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി. കുറ്റപത്രം സമര്‍പ്പിച്ച് നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ സുപ്രധാനമായ വിധി വരുന്നത്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. കേസിലെ രണ്ടാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
വഞ്ചന, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കള്ളത്തെളിവ് നിര്‍മ്മിക്കല്‍, വിശ്വാസവഞ്ചന തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ രേഖകളില്‍ കൃത്രിമം നടത്തിയെന്ന കണ്ടെത്തല്‍ ആന്റണി രാജുവിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നല്‍കുന്നത്. വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.
1990ല്‍ നടന്ന ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. വിദേശ പൗരനായ പ്രതിയെ രക്ഷിക്കാന്‍ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന വസ്ത്രത്തില്‍ മാറ്റം വരുത്തിയെന്നാണ് കേസ്. ദീര്‍ഘകാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കോടതി വിധി പ്രഖ്യാപിച്ചത് വരും ദിവസങ്ങളില്‍ കേരളരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.