ഗസ്സ സമാധാന പദ്ധതി: ട്രംപിന്റെ ഗസ്സ ടീമിലേക്ക് ഇല്ലെന്ന് ഫ്രാന്‍സ്, പണം നല്‍കില്ലെന്ന് കാനഡ
പാരീസ്/ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയിൽ (Board of Peace) ചേരാനുള്ള ക്ഷണം ഫ്രാൻസ് നിരസിച്ചു. യുദ്ധം തകർത്ത ഗസ്സയുടെ പുനർനിർമ്മാണത്തിനായി വിഭാവനം ചെയ്ത ബോർഡിൽ ചേരാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി അടുത്ത വൃത്തങ്ങൾ ഇന്നലെ വ്യക്തമാക്കി.
ബോർഡിന്റെ ചാർട്ടർ ഗസ്സയുടെ പുനർനിർമ്മാണം എന്ന പരിധിക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് ഫ്രാൻസിനെ പിന്തിരിപ്പിക്കുന്നത്. ഈ സംരംഭം ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളെയും ഘടനയെയും ചോദ്യം ചെയ്യുന്നതാണെന്ന ആശങ്ക ഫ്രഞ്ച് വൃത്തങ്ങൾ പങ്കുവെച്ചു. യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗം എന്ന നിലയിൽ, അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാര തുല്യതയും സംരക്ഷിക്കപ്പെടണമെന്ന നിലപാടിലാണ് ഫ്രാൻസ്.
ഏകപക്ഷീയമായ തീരുമാനങ്ങൾക്കും അധികാര രാഷ്ട്രീയത്തിനും മുകളിൽ അന്താരാഷ്ട്ര നിയമങ്ങൾ നിലനിൽക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ വെടിനിർത്തലിനും ഇസ്രയേൽ-ഫലസ്തീൻ സമാധാന ചർച്ചകൾക്കും രാജ്യം ഇപ്പോഴും പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, സമാധാന ബോർഡിൽ ചേരാൻ കാനഡ പണം നൽകില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുമായി അടുത്ത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ബോർഡിൽ അംഗമാകുന്ന രാഷ്ട്രത്തലവൻമാർ ആദ്യ വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളറിൽ കൂടുതൽ പണമായി നൽകണമെന്നാണ് ചാർട്ടറിലെ നിബന്ധന. എന്നാൽ ബോർഡിലെ സീറ്റിനായി കാനഡ പണം നൽകില്ലെന്നും, നിലവിൽ അത്തരമൊരു അഭ്യർത്ഥന കാനഡയ്ക്ക് മുന്നിൽ വന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ബോർഡിന്റെ നിബന്ധനകളും വ്യവസ്ഥകളും ഇപ്പോഴും ചർച്ചാഘട്ടത്തിലാണെന്ന് കാനഡ നിരീക്ഷിക്കുന്നു. സമാധാന പ്രക്രിയയെ ഉള്ളിൽ നിന്ന് രൂപപ്പെടുത്തുന്നതിനായി ചർച്ചാ മേശയിൽ സീറ്റ് ഉണ്ടാവുക എന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാനഡ ബോർഡിൽ ചേരുമെന്ന സൂചനകൾ നൽകുന്നത്. ട്രംപിന്റെ പുതിയ ആഗോള സംരംഭത്തോട് ഓരോ രാജ്യങ്ങളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത് എന്ന് പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നു.