27/01/2026

21,000 രൂപ ശമ്പളത്തിൽ നിന്ന് 2 കോടിയുടെ ബിസിനസ്സിലേക്ക്; സോഷ്യൽ മീഡിയയിൽ തരംഗമായി യുവാവിന്റെ ജീവിതാനുഭവം

 21,000 രൂപ ശമ്പളത്തിൽ നിന്ന് 2 കോടിയുടെ ബിസിനസ്സിലേക്ക്; സോഷ്യൽ മീഡിയയിൽ തരംഗമായി യുവാവിന്റെ ജീവിതാനുഭവം

ന്യൂഡൽഹി: കഠിനാധ്വാനവും കൃത്യമായ തീരുമാനങ്ങളും ഒരാളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുമെന്നതിന് ഉത്തമ ഉദാഹരണമാകുകയാണ് ഈ യുവാവിന്റെ ജീവിതം. വെറും 21,000 രൂപ ശമ്പളത്തിൽ ഡോക്യുമെന്റ് എക്‌സിക്യൂട്ടീവായി ജോലി തുടങ്ങിയ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമധാരി, ഇന്ന് പ്രതിവർഷം രണ്ട് കോടി രൂപ വരുമാനമുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ്. റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച ഇദ്ദേഹത്തിന്റെ ജീവിതാനുഭവം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

കോവിഡ് കാലത്തെ തൊഴിലില്ലായ്മക്കിടയിലാണ് ഡൽഹിയിലെ ധനകാര്യ സ്ഥാപനത്തിൽ ഇദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്. കത്തുന്ന ചൂടിലും കഠിനമായ മഞ്ഞിലും ബാങ്കുകൾ കയറിയിറങ്ങി ഫയലുകൾ സമർപ്പിക്കലായിരുന്നു ജോലി. ശാരീരികമായി തളർത്തുന്ന ജോലിയായിരുന്നെങ്കിലും, ബാങ്കിംഗ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വായ്പകൾ അനുവദിക്കുന്നതിലെ നൂലാമാലകൾ എന്താണെന്നും അദ്ദേഹം സൂക്ഷ്മമായി പഠിച്ചു. എന്നാൽ കഠിനാധ്വാനത്തിന് പകരമായി ശമ്പളത്തിൽ ലഭിച്ചത് വെറും 2,000 രൂപയുടെ വർദ്ധനവ് മാത്രം.

ഒരു ചാർട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ സംഭാഷണമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്. ‘ബാങ്കിലിരിക്കുന്നവരേക്കാൾ നന്നായി ഈ മേഖലയെ നിനക്കറിയാം, പിന്നെന്തിനാണ് വെറുമൊരു ജീവനക്കാരനായി തുടരുന്നത്?’ എന്ന സി.എയുടെ ചോദ്യം യുവാവിനെ ചിന്തിപ്പിച്ചു. തുടർന്ന് സി.എയുമായി ചേർന്ന് സ്വതന്ത്രമായി ഫണ്ടിംഗ് കേസുകൾ ഏറ്റെടുക്കാൻ തുടങ്ങി.

വലിയ പ്രോജക്റ്റിനായി 60 കോടി രൂപയുടെ ലോൺ വേഗത്തിൽ ശരിയാക്കി നൽകിയതോടെ ഒരൊറ്റ ഇടപാടിൽ നിന്ന് മാത്രം ലഭിച്ച കമ്മീഷൻ തന്റെ 20 വർഷത്തെ ശമ്പളത്തേക്കാൾ കൂടുതലായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

ജോലി രാജിവെച്ച് സ്വന്തമായി ഫിനാൻഷ്യൽ കൺസൾട്ടൻസി തുടങ്ങിയ അദ്ദേഹം ഇന്ന് ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ വലിയ വാണിജ്യ ഇടപാടുകൾക്ക് ഫണ്ടിംഗ് ഒരുക്കി നൽകുന്നു. ‘നിങ്ങൾ ചെയ്യുന്ന ജോലിയിലെ യഥാർത്ഥ വൈദഗ്ധ്യം നേടിയാൽ വിജയം നിങ്ങളെ തേടിയെത്തും’ എന്നതാണ് യുവാവിന് ലോകത്തോട് പറയാനുള്ളത്.

Also read: