27/01/2026

ഗസ്സ പുനർനിർമ്മാണം: ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിലേക്ക്’ ഇന്ത്യയ്ക്കും ക്ഷണം; പാക്‌ സാന്നിധ്യത്തെ എതിർത്ത് ഇസ്രയേൽ പ്രതിനിധി

 ഗസ്സ പുനർനിർമ്മാണം: ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിലേക്ക്’ ഇന്ത്യയ്ക്കും ക്ഷണം; പാക്‌ സാന്നിധ്യത്തെ എതിർത്ത് ഇസ്രയേൽ പ്രതിനിധി

വാഷിങ്‌ൺ/ന്യൂഡൽഹി: യുദ്ധാനന്തര ഗസ്സയുടെ ഭരണത്തിനും പുനർനിർമ്മാണത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചു. ഗസ്സയിലെ സമാധാന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 20 ഇന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാനെയും സമിതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മൂന്ന് തട്ടുകളിലായാണ് ‘ബോർഡ് ഓഫ് പീസ്’ പ്രവർത്തിക്കുക. ട്രംപ് നേരിട്ട് അധ്യക്ഷനായ പ്രധാന ബോർഡിന് കീഴിൽ പലസ്തീൻ ടെക്‌നോക്രാറ്റുകളുടെ സമിതിയും, ഉപദേശക ചുമതലയുള്ള എക്‌സിക്യൂട്ടീവ് ബോർഡും ഉണ്ടായിരിക്കും. തുർക്കി, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന 11 അംഗ എക്‌സിക്യൂട്ടീവ് ബോർഡാണ് ഗസ്സയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുക.

ഇസ്രായേലുമായുള്ള തന്ത്രപരമായ ബന്ധവും പലസ്തീന് നൽകിവരുന്ന നിരന്തരമായ മാനുഷിക സഹായവുമാണ് ഇന്ത്യയെ ദൗത്യത്തിൽ നിർണ്ണായക പങ്കാളിയാക്കുന്നത്. എന്നാൽ സമിതിയിലെ പാകിസ്ഥാന്റെ സാന്നിധ്യത്തെ ഇന്ത്യയിലെ ഇസ്രായേൽ പ്രതിനിധി റൂവൻ അസർ എതിർത്തു. തുർക്കിയുടെയും ഖത്തറിന്റെയും പങ്കാളിത്തത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, ട്രംപിന്റെ പുതിയ നീക്കത്തോട് ആഗോളതലത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ഇത് ദുർബലപ്പെടുത്തുമോ എന്ന ആശങ്കയിൽ പല രാജ്യങ്ങളും ജാഗ്രതയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. ഹംഗറി മാത്രമാണ് നിലവിൽ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. വരും ആഴ്ചകളിൽ കൂടുതൽ അംഗങ്ങളെ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Also read: