ഫിറ്റാണെന്ന് കരുതി ബിപി നോക്കാതിരിക്കല്ലേ; 30-കളിലെ രക്തസമ്മർദ്ദം പുതിയ വില്ലനാകുന്നു!
30 കളിലാണോ നിങ്ങൾ? എങ്കിൽ ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ നിങ്ങളെയും തേടിയെത്തിയേക്കാം. ഒരുകാലത്ത് പ്രായമായവരെ മാത്രം അലട്ടിയിരുന്ന ഈ രോഗം ഇന്ന് ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഒരു പുതിയ സാധാരണ സംഗതിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തതിനാൽ പലരും അപകടത്തെ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ടൈംസ് ഓഫ് ഇന്ത്യ (TOI) ഹെൽത്ത് റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ പത്തിൽ മൂന്ന് മുതിർന്നവർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഈ രോഗമുണ്ടെന്ന് പകുതിയോളം പേർക്കും അറിവില്ല. പ്രത്യേകിച്ച് 20കളിലും 30കളിലും ഉള്ളവരിലാണ് രോഗത്തെക്കുറിച്ചുള്ള അവബോധം ഏറ്റവും കുറവ്. പുറമെക്ക് പൂർണ ആരോഗ്യവാനായി തോന്നിയാലും ആന്തരികമായി രക്തസമ്മർദ്ദം അപകടകരമായ അളവിൽ എത്തിയേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്തുകൊണ്ട് യുവാക്കളിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്നു?
ആധുനിക ജീവിതശൈലി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സംസ്കരിച്ച ഭക്ഷണശീലങ്ങൾ, മധുരപാനീയങ്ങൾ, വ്യായാമമില്ലായ്മ, അമിതമായ സ്ക്രീൻ സമയം, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിവ ഇതിന് ആക്കം കൂട്ടുന്നു. പുകവലിയും മദ്യപാനവും പൊണ്ണത്തടിയും യുവാക്കളിൽ ഹൈപ്പർടെൻഷൻ വർദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്.
ഫരീദാബാദ് സർവോദയ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. അരവിന്ദ് ദംബാൽക്കർ TOI ഹെൽത്തിനോട് പങ്കുവെച്ച അഭിപ്രായങ്ങൾ പ്രകാരം: ‘രക്തസമ്മർദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. ഹൃദയം, വൃക്കകൾ, രക്തക്കുഴലുകൾ എന്നിവയെ ഇത് സാവധാനം നശിപ്പിക്കുന്നു. ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്നത് വരെ പലർക്കും മുന്നറിയിപ്പ് ലക്ഷണങ്ങൾ ഉണ്ടാകാറില്ല. മുപ്പതുകളിൽ ഇത് അവഗണിക്കുന്നത് 40കളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.’
അവഗണിക്കരുത് ഈ അപകടസാധ്യതകൾ
മുപ്പതുകളിൽ രക്തസമ്മർദ്ദം നിയന്ത്രിച്ചില്ലെങ്കിൽ അത് ഹൃദയസ്തംഭനം, വൃക്കരോഗങ്ങൾ, കാഴ്ചക്കുറവ്, സ്ട്രോക്ക്, ഡിമെൻഷ്യ (മറവിരോഗം) എന്നിവയിലേക്ക് നയിക്കാം. ധമനികൾക്കുണ്ടാകുന്ന കേടുപാടുകൾ അകാല വാർദ്ധക്യത്തിനും കാരണമാകുന്നു. ഫിറ്റായി കാണപ്പെടുന്ന ആളുകൾ പോലും അമിതമായ കഫീൻ ഉപയോഗം, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, കുറഞ്ഞ ഉറക്കം എന്നിവയിലൂടെ രോഗാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
പ്രതിരോധ മാർഗങ്ങൾ
30 വയസ്സ് കഴിഞ്ഞവർ വർഷത്തിലൊരിക്കലെങ്കിലും നിർബന്ധമായും രക്തസമ്മർദ്ദം പരിശോധിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. കുടുംബത്തിൽ ഉയർന്ന ബിപി ചരിത്രമുള്ളവർക്കും അമിതവണ്ണമുള്ളവർക്കും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെയും കൃത്യമായ വൈദ്യപരിശോധനകളിലൂടെയും നിശബ്ദ കൊലയാളിയെ നമുക്ക് പ്രതിരോധിക്കാം.