‘ഉറങ്ങിയതല്ല, ബോറടിച്ചിട്ട് കണ്ണടച്ചതാണ്’; വിമർശകർക്ക് മറുപടിയുമായി ട്രംപ്
വാഷിംഗ്ടൺ: മന്ത്രിസഭാ യോഗത്തിനിടെ ഉറങ്ങിയെന്ന വാർത്തകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. താൻ ഉറങ്ങുകയായിരുന്നില്ലെന്നും യോഗത്തിലെ വിരസത കാരണം കണ്ണുകൾ അടച്ചുപിടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തന്റെ ആരോഗ്യത്തെയും പ്രായത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് 79കാരനായ ട്രംപ് മറുപടി നൽകിയത്.
‘ചിലർ പറയുന്നു ഞാൻ ഉറങ്ങിയെന്ന്. എന്നാൽ യോഗം അങ്ങേയറ്റം വിരസമായതു കൊണ്ട് കണ്ണുകൾ അടച്ചതാണ്. അവിടെ നിന്ന് എത്രയും വേഗം പുറത്തുപോകാനാണ് ഞാൻ ആഗ്രഹിച്ചത്,’ ചിരിച്ചുകൊണ്ട് ട്രംപ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തനിക്ക് അധികം ഉറക്കം വരാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണയായി മണിക്കൂറുകൾ നീളാറുള്ള മന്ത്രിസഭാ യോഗം ഇത്തവണ 81 മിനിറ്റിൽ അവസാനിച്ചു.
അതേസമയം, തന്റെ ശാരീരികക്ഷമതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ട്രംപ് സജീവമായി ശ്രമിക്കുന്നുണ്ട്. മുൻഗാമി ജോ ബൈഡനെ ‘സ്ലീപ്പി ജോ’ എന്ന് വിളിച്ച് പരിഹസിക്കാറുള്ള ട്രംപ്, തന്നെയും അത്തരത്തിൽ ചിത്രീകരിക്കുന്നതിനെ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കൈകളിലെ ചതവുകളും ആരോഗ്യ റിപ്പോർട്ടുകളും സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും സജീവമാണ്. ആസ്പിരിൻ ഉപയോഗിക്കുന്നത് കൊണ്ടാണ് ചതവുകൾ ഉണ്ടാകുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം. മുൻ പ്രസിഡന്റുമാരായ റൊണാൾഡ് റീഗൻ ഉൾപ്പെടെയുള്ളവരും സമാനമായ പ്രായപരിധിയിൽ ഇത്തരം ചോദ്യങ്ങൾ നേരിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.