വിമർശകരുടെ വായടപ്പിച്ച് വ്യോമസേന; റിപ്പബ്ലിക് ദിനത്തിൽ അത്യാധുനിക ആയുധശേഖരത്തിന്റെ കരുത്തുറ്റ പ്രദർശനം
ന്യൂഡൽഹി: രാജ്യത്തിന്റെ 77ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവർക്ക് മറുപടി നൽകി ഇന്ത്യൻ വ്യോമസേന. ബാലകോട്ട് പ്രത്യാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഉപയോഗിച്ച അത്യാധുനിക മിസൈലുകൾ വഹിച്ചു പറക്കുന്ന യുദ്ധവിമാനങ്ങളുടെ അപൂർവ്വ വീഡിയോ പുറത്തുവിട്ടാണ് വ്യോമസേന ശത്രുരാജ്യങ്ങൾക്കും വിമർശകർക്കും കൃത്യമായ സന്ദേശം നൽകിയത്.
പതിവ് പരേഡ് പ്രദർശനങ്ങൾക്കപ്പുറം, യുദ്ധവിമാനങ്ങളിലെ ‘ഹാർഡ് പോയിന്റുകളിൽ’ ഘടിപ്പിച്ച മിസൈലുകൾ ഇതാദ്യമായാണ് ഇത്ര വ്യക്തമായി പൊതുസമക്ഷം പ്രദർശിപ്പിക്കുന്നത്. റഫാൽ വിമാനങ്ങൾ വഹിക്കുന്ന മീറ്റിയോർ ദീർഘദൂര മിസൈലുകൾ, തേജസ് വിമാനത്തിൽ നിന്നുള്ള മിസൈൽ വിക്ഷേപണം എന്നിവ വീഡിയോയിലെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യയുടെ പക്കൽ ഇത്തരം ആയുധങ്ങളില്ലെന്ന പാകിസ്ഥാന്റെ പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്ന് ദൃശ്യങ്ങൾ തെളിയിക്കുന്നു.
ശ്രദ്ധേയമായ ആയുധങ്ങൾ:
ആസ്ട്ര മിസൈൽ: തദ്ദേശീയമായി വികസിപ്പിച്ച ആസ്ട്ര മിസൈലുകൾ സുഖോയ്30 MKI, നവീകരിച്ച ജാഗ്വാർ വിമാനങ്ങളിൽ ഘടിപ്പിച്ചത് ഇന്ത്യയുടെ ആയുധക്കരുത്ത് വർദ്ധിപ്പിക്കുന്നു.
ബ്രഹ്മോസും ഹാമറും: സുഖോയിയുടെ കരുത്തായ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളും റഫാലിലെ ഹാമർ ബോംബുകളും വ്യോമസേനയുടെ പ്രഹരശേഷി വിളിച്ചോതുന്നതാണ്.
റാംപേജ് മിസൈൽ: ഓപ്പറേഷൻ സിന്ദൂറിൽ നിർണ്ണായക പങ്കുവഹിച്ച റാംപേജ് എയർടുസർഫേസ് മിസൈലുകളും ഇടംപിടിച്ചു.
സാധാരണയായി രഹസ്യമായി സൂക്ഷിക്കുന്ന തത്സമയ ആയുധ പ്ലാറ്റ്‌ഫോമുകൾ പരസ്യപ്പെടുത്തിയതിലൂടെ, രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളിൽ സംശയം വേണ്ടെന്ന കർശനമായ താക്കീതാണ് ഇന്ത്യൻ വ്യോമസേന നൽകിയിരിക്കുന്നത്.