28/03/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം; ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ മാസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

 ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം; ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ മാസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ചണ്ഡീഗഡ്: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ സർവീസ് ആരംഭിക്കാൻ സജ്ജമായി. ഹരിയാനയിലെ ജിന്ദ് റെയിൽവേ ജംഗ്ഷനിൽ നിന്ന് സോനെപത്തിലേക്കുള്ള 90 കിലോമീറ്റർ പാതയിലാണ് ഈ പരിസ്ഥിതി സൗഹൃദ ട്രെയിൻ ആദ്യമായി ഓടുക. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഹരിയാന ഡെപ്യൂട്ടി സ്പീക്കർ ഡോ. കൃഷന്‍ മിദ്ധ അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ് ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന ഖ്യാതിയോടെയാണ് ഇന്ത്യൻ റെയിൽവേ ഈ നേട്ടം കൈവരിക്കുന്നത്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും തദ്ദേശീയമായാണ് ട്രെയിൻ വികസിപ്പിച്ചെടുത്തത് എന്നത് പദ്ധതിയുടെ മാറ്റുകൂട്ടുന്നു. പരീക്ഷണ ഓട്ടത്തിനായുള്ള പ്രത്യേക കോച്ചുകൾ ഇതിനോടകം ജിന്ദിലെത്തിക്കഴിഞ്ഞു. നിലവിൽ പ്ലാന്റിലും കോച്ചുകളിലും അവസാനവട്ട സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്.

ഡീസൽ എൻജിനുകൾ പുറത്തുവിടുന്ന കാർബൺ പുകയ്ക്ക് പകരം നീരാവി മാത്രമാണ് ഹൈഡ്രജൻ ട്രെയിനുകൾ പുറത്തുവിടുക. ഇത് മലിനീകരണം പൂർണ്ണമായും ഒഴിവാക്കി ‘സീറോ കാർബൺ’ എന്ന ലക്ഷ്യം കൈവരിക്കാൻ റെയിൽവേയെ സഹായിക്കും.

ട്രെയിനിനാവശ്യമായ ഇന്ധനം ഉൽപ്പാദിപ്പിക്കുന്നതിനായി 120 കോടി രൂപ ചെലവിൽ അത്യാധുനിക ഹൈഡ്രജൻ പ്ലാന്റ് ജിന്ദിൽ സ്ഥാപിച്ചിട്ടുണ്ട്. മഴവെള്ളം സംഭരിച്ചാണ് ഹൈഡ്രജൻ ഉൽപ്പാദനത്തിന് ആവശ്യമായ വെള്ളം കണ്ടെത്തുന്നത്.

ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിച്ചുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. എട്ട് പാസഞ്ചർ കോച്ചുകളുള്ള ട്രെയിനിന് മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.

ഒരു കിലോ ഹൈഡ്രജൻ ഇന്ധനം ഏകദേശം 4.5 ലിറ്റർ ഡീസലിന് തുല്യമായ മൈലേജ് നൽകുമെന്നതിനാൽ, ഈ പദ്ധതി സാമ്പത്തികമായും റെയിൽവേയ്ക്ക് വലിയ നേട്ടമാകും.

Also read: