കർത്തവ്യ പഥിൽ ഇന്ത്യയുടെ സൈനിക കരുത്ത്; പടയോട്ടം നയിച്ച് ‘ഓപ്പറേഷൻ സിന്ദൂറി’ലെ യുദ്ധവാഹനങ്ങൾ
ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിന പരേഡിൽ ലോകത്തിന് മുന്നിൽ കരുത്ത് വിളിച്ചോതി ഇന്ത്യൻ സൈന്യം. ചരിത്രത്തിലാദ്യമായി കര-വ്യോമ സേനകളുടെ ഏകോപിത യുദ്ധമുറയായ ‘ബാറ്റിൽ അറേ’ (Battle Array) രീതിയിലാണ് സൈന്യം കർത്തവ്യ പഥിലൂടെ ഇത്തവണ നീങ്ങിയത്. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളും അത്ഭുതപ്പെടുത്തുന്ന ഡ്രോൺ സാങ്കേതികവിദ്യയും ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെ വിളംബരമായി മാറി. പ്രധാനമന്ത്രി മോദി, രാഷ്ട്രപതി ദ്രൗപതി മുർമു, യൂറോപ്പിൽ നിന്നുള്ള മുഖ്യാതിഥികൾ എന്നിവർ പങ്കെടുത്തു.
യുദ്ധക്കളത്തിലെ ഭാവി സാങ്കേതികവിദ്യ
അർജുൻ, ടി90 ഭീഷ്മ ടാങ്കുകൾക്കൊപ്പം ആകാശത്ത് അകമ്പടിയായി അപ്പാച്ചെ, പ്രചണ്ഡ് ഹെലികോപ്റ്ററുകളും കുതിച്ചുയർന്നത് കാണികളിൽ ആവേശം നിറച്ചു. പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ച റോബോട്ടിക് നായ്ക്കൾ, മനുഷ്യരില്ലാത്ത യുദ്ധവാഹനങ്ങൾ, സ്വയംനിയന്ത്രിത സംവിധാനങ്ങളായ നിഗ്രഹ, ഭൈരവ്, ഭൂവിരക്ഷ എന്നിവ ഇന്ത്യയുടെ ഭാവി യുദ്ധതന്ത്രങ്ങൾ കാഴ്ചവെച്ചു.
സുദർശൻ ചക്രം: പ്രതിരോധ കവചം
ബ്രഹ്മോസ് മിസൈലുകൾ, ആകാശ് പ്രതിരോധ സംവിധാനം, എസ്400 വ്യോമ പ്രതിരോധ കവചം എന്നിവ ചേർന്ന് രാജ്യത്തിന് ചുറ്റും തീർക്കുന്ന സുരക്ഷാ വലയത്തെ ‘സുദർശൻ ചക്ര’ എന്ന ആശയത്തിലൂന്നിയാണ് അവതരിപ്പിച്ചത്. സ്വാം ഡ്രോണുകൾ, ഹൈബ്രിഡ് യു.എ.വികൾ, ദീർഘദൂര പ്രഹരശേഷിയുള്ള ഹാരോപ്പ് എന്നിവ വിന്യസിക്കാനുള്ള ഇന്ത്യയുടെ ശേഷി ആധുനിക യുദ്ധമുഖത്ത് രാജ്യത്തിന്റെ ആധിപത്യം ഉറപ്പിക്കുന്നതാണ്. ലെഫ്റ്റനന്റ് രാമൻ മിശ്ര, സുബേദാർ കിരൺ മേദാർ എന്നിവർ ഈ തദ്ദേശീയ സന്നാഹങ്ങൾക്ക് നേതൃത്വം നൽകി.
ഓപ്പറേഷൻ സിന്ദൂർ: വിജയഗാഥ
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പരേഡിലെ പ്രധാന ആകർഷണമായി. വെറും 88 മണിക്കൂറിനുള്ളിൽ ശത്രുവിനെ മുട്ടുകുത്തിച്ച ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങൾ ഗ്ലാസ് കവചമുള്ള ഇന്റഗ്രേറ്റഡ് ഓപ്പറേഷണൽ സെന്ററിലൂടെ കർത്തവ്യ പഥിൽ പുനരാവിഷ്‌കരിച്ചു.