26/01/2026

തെഹ്റാനെ ചോരയില്‍ മുക്കാന്‍ ഇസ്രയേല്‍ പദ്ധതി? 60,000 ആയുധങ്ങളുമായി മൊസാദ് സംഘം പിടിയില്‍

 തെഹ്റാനെ ചോരയില്‍ മുക്കാന്‍ ഇസ്രയേല്‍ പദ്ധതി? 60,000 ആയുധങ്ങളുമായി മൊസാദ് സംഘം പിടിയില്‍

തെഹ്റാന്‍: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ച ഭീകരസംഘത്തെ ഇറാന്‍ സുരക്ഷാ സേന പിടികൂടി. രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ കൊലപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് തകര്‍ത്തത്. തെഹ്റാനിലേക്ക് കടത്താന്‍ ശ്രമിച്ച 60,000 ആയുധങ്ങളും പിടിച്ചെടുത്തതായി ഇറാന്‍ മാധ്യമമായ ‘പ്രസ് ടി.വി’ റിപ്പോര്‍ട്ട് ചെയ്തു.

ബൂഷെഹറില്‍നിന്നാണ് കലാപകാരികളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് ഇറാന്റെ ലോ എന്‍ഫോഴ്സ്മെന്റ് കമാന്‍ഡ് (ഫറാജ) അറിയിച്ചു. ആയുധങ്ങള്‍ തലസ്ഥാനമായ തെഹ്റാനിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നഗരയുദ്ധ മുറകളില്‍(Urban Warfare) മൊസാദില്‍നിന്ന് ഉന്നത പരിശീലനം ലഭിച്ചവരാണ് പിടിയിലായ ഭീകരരെന്നാണ് ഇറാന്‍ സൈന്യം പറയുന്നത്. രാജ്യത്തുണ്ടായ അശാന്തി മുതലെടുത്ത് കൂട്ടക്കൊലകള്‍ നടത്താനായിരുന്നു ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. എകെ-47 തോക്കുകള്‍, ഷോട്ട്ഗണ്ണുകള്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവയുള്‍പ്പെടെ വന്‍ ആയുധശേഖരമാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്.

തലസ്ഥാനത്തെ തെരുവുകളില്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാനും, പോലീസ് സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും ആക്രമിച്ച് ആയുധങ്ങള്‍ കൈക്കലാക്കി സംഘര്‍ഷം രൂക്ഷമാക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും സൈന്യം പറയുന്നു. ഇറാനില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും പങ്കുണ്ടെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. കലാപകാരികള്‍ക്ക് മൊസാദ് ഏജന്റുമാരുടെ നേരിട്ടുള്ള സഹായം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സമാധാനപരമായി തുടങ്ങിയ പ്രതിഷേധങ്ങള്‍ പിന്നീട് അക്രമങ്ങളിലേക്ക് വഴിമാറുകയായിരുന്നു. ഇതിന് പിന്നില്‍ വിദേശ ശക്തികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘങ്ങളാണെന്നാണ് ഇറാന്റെ കണ്ടെത്തല്‍.

Also read: