ഇറാന്റെ ആക്രമണം ഭയന്ന് ഇസ്രയേല്‍; വിമാനങ്ങള്‍ കൂട്ടത്തോടെ വിദേശത്തേക്ക് മാറ്റുന്നു
തെല്‍ അവീവ്: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം ഭയന്ന് മുന്നൊരുക്കാവുമായി ഇസ്രയേൽ. തെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ അടിയന്തരമായി വിദേശ രാജ്യങ്ങളിലേക്ക് മാറ്റാൻ ഇസ്രയേൽ വിമാനക്കമ്പനികൾ തയ്യാറെടുക്കുന്നു. ഗതാഗത മന്ത്രി മിരി റെഗേവ് ആണ് ഇക്കാര്യം അറിയിച്ചത്.
103FM-ന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലിലെ പ്രധാന വിമാനക്കമ്പനികളായ എൽ അൽ (El Al), അർക്കിയ (Arkia), ഇസ്ര എയർ (Israir) തുടങ്ങിയവ തങ്ങളുടെ വിമാനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായാൽ വിമാനങ്ങൾ നശിക്കുന്നത് ഒഴിവാക്കാനാണ് അവയെ സൈപ്രസ്, ഏഥൻസ്, തായ്‌ലൻഡ്, യുഎസ്, യൂറോപ്പിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റുന്നത്.
വിമാനങ്ങൾ മാറ്റാനുള്ള ഔദ്യോഗിക നിർദ്ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഏത് നിമിഷവും നിർദ്ദേശം വന്നാൽ നടപ്പിലാക്കാൻ കമ്പനികൾ സജ്ജമാണ്.
കഴിഞ്ഞ ജൂണിലുണ്ടായ സംഘർഷ സമയത്ത് വിമാനങ്ങൾ വിജയകരമായി വിദേശത്തേക്ക് മാറ്റിയിരുന്നു. ആ അനുഭവത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ഇത്തവണയും അതിവേഗം നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇസ്രായേലിലെ അഞ്ച് വിമാനക്കമ്പനികൾക്കായി ഏകദേശം 85 യാത്രാ, ചരക്ക് വിമാനങ്ങളാണുള്ളത്. ഇതിൽ എൽ അൽ (47), അർക്കിയ (16), ഇസ്ര എയർ (9), എയർ ഹൈഫ (5), ചലഞ്ച് (3) എന്നിവ ഉൾപ്പെടുന്നു.
ഏത് സാഹചര്യത്തെയും നേരിടാൻ ഗതാഗത മന്ത്രാലയം സജ്ജമാണെന്നും, പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലാർനക, ഏഥൻസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാനങ്ങൾ മാറ്റാൻ തയ്യാറാണെന്നും മന്ത്രി മിരി റെഗേവ് കൂട്ടിച്ചേർത്തു.