26/01/2026

വാക്ക് പാലിച്ച് മുസ്‌ലിം ലീഗ്; മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വിടുകളുടെ കൈമാറ്റം ഫെബ്രുവരി 28ന്

 വാക്ക് പാലിച്ച് മുസ്‌ലിം ലീഗ്; മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വിടുകളുടെ കൈമാറ്റം ഫെബ്രുവരി 28ന്

കല്‍പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയിലെ വീടുകളുടെ കൈമാറ്റം ഫെബ്രുവരി 28-ന് നടക്കും. ആദ്യഘട്ടമായി പണി പൂർത്തീകരിച്ച 50-ലധികം വീടുകളാണ് കൈമാറുകയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

​മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് വാങ്ങിയ 11 ഏക്കർ സ്ഥലത്താണ് 105 വീടുകൾ ഉൾപ്പെടുന്ന പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പദ്ധതിക്ക് ശിലയിട്ടത്.

​2000 ചതുരശ്ര അടി വിസ്തീർണത്തിൽ വീട് നിർമ്മിക്കാവുന്ന ശക്തമായ അടിത്തറയിൽ, 1000 ചതുരശ്ര അടി വീടുകളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, അടുക്കള, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഓരോ വീടുകളിലുമുണ്ടാകും.

ദുരന്തബാധിതരുടെ ആവശ്യപ്രകാരമാണ് മേപ്പാടി പഞ്ചായത്തിൽ തന്നെ സ്ഥലം കണ്ടെത്തിയത്. മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് ഈ ടൗൺഷിപ്പ്. ഇവിടെ നിന്നും കൽപ്പറ്റയിലേക്കും മേപ്പാടിയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും. കുടിവെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് നിർമ്മാണം പുരോഗമിക്കുന്നത്.

​ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങായി മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച ഈ ഭവന പദ്ധതി റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാകുന്നത്.

Also read: