27/01/2026

‘മഹല്ലുകള്‍ നന്മയുടെ കാവലാവണം’; ഫൈസാബാദില്‍ ചരിത്രം കുറിച്ച് മഹല്ല് നേതൃ മഹാസംഗമം

 ‘മഹല്ലുകള്‍ നന്മയുടെ കാവലാവണം’; ഫൈസാബാദില്‍ ചരിത്രം കുറിച്ച് മഹല്ല് നേതൃ മഹാസംഗമം

മലപ്പുറം: ജാമിഅ നൂരിയ്യ 63-ാം വാര്‍ഷിക 61-ാം സനദ്ദാന മഹാസമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് ഫൈസാബാദ് സാക്ഷ്യം വഹിച്ചത് ചരിത്രപരമായ മഹല്ല് നേതൃസംഗമത്തിന്. ജില്ലയിലെ വിവിധ മഹല്ലുകളില്‍നിന്നെത്തിയ നൂറുകണക്കിന് മഹല്ല് ഭാരവാഹികളും ഖത്തീബുമാരും സംഗമത്തില്‍ പങ്കെടുത്തു. മഹല്ല് സംവിധാനങ്ങളെ കാലാനുസൃതമായി ശാക്തീകരിക്കാനും ആദര്‍ശ വിശുദ്ധി കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്യുന്നതായിരുന്നു സംഗമം.

രാവിലെ 9.30ന് ആരംഭിച്ച ഒന്നാം സെഷനില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സംഗമം ഉദ്ഘാടനം ചെയ്തു. മഹല്ലുകള്‍ കേവലം ഭരണ സംവിധാനങ്ങള്‍ക്കപ്പുറം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന അഭയകേന്ദ്രങ്ങളായി മാറണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രധാന വിഷയങ്ങള്‍ മഹല്ല് സംവിധാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്യുന്നതായിരുന്നു വിവിധ സെഷനുകള്‍. ‘മദീനയിലെ പ്രഭ മഹല്ലുകളിലൂടെ’ എന്ന വിഷയത്തില്‍ സലാം ഫൈസി ഒളവട്ടൂരും, ‘മഹല്ലുകള്‍ സമ്മാനിച്ച പ്രതാപം’ എന്ന വിഷയത്തില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂരും ക്ലാസെടുത്തു. ‘മഹല്ലുകള്‍; ഇരുള്‍ പരക്കരുത്’ എന്ന ഗൗരവകരമായ വിഷയം ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിച്ചു. സി.എച്ച് ത്വയ്യിബ് ഫൈസി സ്വാഗതം പറഞ്ഞു.

ഉച്ചക്ക് ശേഷമുള്ള സെഷന്‍ ഉച്ചയ്ക്ക് 2.00 മണിക്ക് ആരംഭിക്കുന്ന രണ്ടാം സെഷനില്‍ കെ.എ റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍ ഉദ്ഘാടനം ചെയ്യും. മഹല്ല് ശാക്തീകരണത്തിനായുള്ള ‘കരുത്തേകുന്ന കര്‍മപദ്ധതി’ സലീം എടക്കര അവതരിപ്പിക്കും. യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട് പദ്ധതി സമര്‍പ്പണം നടത്തും. നാസര്‍ ഫൈസി കൂടത്തായി സമാപന സന്ദേശം നല്‍കുന്നതോടെ സംഗമത്തിന് സമാപനം കുറിക്കും.

Also read: