04/06/2026
[fontresizer_tawhidurrahmandear_widget]

എല്ലാ വഴികളും ഫൈസാബാദിലേക്ക്, ജനലക്ഷങ്ങളൊഴുകും; ജാമിഅ നൂരിയ്യ വാര്‍ഷിക മഹാസമ്മേളനം വൈകീട്ട്

 എല്ലാ വഴികളും ഫൈസാബാദിലേക്ക്, ജനലക്ഷങ്ങളൊഴുകും; ജാമിഅ നൂരിയ്യ വാര്‍ഷിക മഹാസമ്മേളനം വൈകീട്ട്

മലപ്പുറം: മൂന്ന് ദിവസങ്ങളിലായി ഫൈസാബാദില്‍ അറിവിന്റെയും ആത്മീയതയുടെയും വസന്തം തീര്‍ത്ത ജാമിഅ നൂരിയ്യ അറബിയ്യയുടെ 63-ാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് സമാപനം. വൈകീട്ട് നടക്കുന്ന സനദ്‍ദാന-സമാപന മഹാസമ്മേളനത്തിലും തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിലും പങ്കെടുത്ത് പുണ്യംനേടാന്‍ പതിനായിരങ്ങള്‍ ഇന്ന് പട്ടിക്കാട്ടേക്ക് ഒഴുകിയെത്തും. 61-ാം സനദ്‍ദാന സമ്മേളനത്തില്‍ നൂറുകണക്കിന് യുവ പണ്ഡിതര്‍ ‘ഫൈസി’ ബിരുദം ഏറ്റുവാങ്ങി കര്‍മഗോദയിലിറങ്ങും.

വൈകീട്ട് നടക്കുന്ന സമാപന മഹാസമ്മേളനം പ്രശസ്ത മൊറോക്കന്‍ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് മാലികി ഉദ്ഘാടനം ചെയ്യും. തെലങ്കാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ജാമിഅ നൂരിയ്യ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ് ദാന പ്രസംഗം നിര്‍വഹിക്കും. ജാമിഅ പ്രിന്‍സിപ്പലും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസമദ് സമദാനി എം.പി, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

സമ്മേളനത്തിന്റെ സമാപനം കുറിച്ചു നടക്കുന്ന മജ്ലിസുന്നൂര്‍ വാര്‍ഷിക സദസ്സ് വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകരും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സംഗമത്തിന് നേതൃത്വം നല്‍കും. നിരവധി സാദാത്തുക്കളും പണ്ഡിതന്മാരും ആത്മീയ സദസ്സില്‍ പങ്കുചേരും.

Also read: