കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ; വനിത ജയിലിന് മുകളിൽനിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമം
അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് വീണ്ടും ഡ്രോൺ കണ്ടെത്തി. ജയിൽ വളപ്പിലൂടെ പറന്ന ഡ്രോൺ പിന്നീട് വനിതാ ജയിലിന്റെ ഭാഗത്തേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ജയിൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജനുവരി 10-ന് വൈകുന്നേരം 4.20-നും 4.30-നും ഇടയിലാണ് സംഭവം. സെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന് മുകളിലൂടെ പറന്ന ഇലക്ട്രോണിക് ഉപകരണം വനിതാ ജയിലിന്റെ ദിശയിലേക്ക് നീങ്ങുകയായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ ഇത് ആദ്യമായല്ല ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം മാർച്ചിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ജയിൽ കെട്ടിടത്തിനുള്ളിലെ ഓഫീസിന് മുകളിലായി ഏകദേശം 25 മീറ്റർ ഉയരത്തിൽ ഡ്രോൺ വട്ടമിട്ട് പറന്നിരുന്നു.
ജയിൽ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. ആവർത്തിച്ചുള്ള ഇത്തരം സംഭവങ്ങൾ ജയിലിന്റെ സുരക്ഷയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. നിരോധിത വസ്തുക്കൾ ജയിലിനുള്ളിലേക്ക് കടത്താനുള്ള ശ്രമമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.