‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി; മന്ത്രിസ്ഥാനം മടക്കിത്തരാമെന്ന് പറഞ്ഞ് ചതിച്ചു’: ആരോപണവുമായി മന്ത്രി ഗണേഷ് കുമാര്‍
കെ.ബി ഗണേഷ് കുമാര്‍, ഉമ്മന്‍ ചാണ്ടി
കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മകന്‍ ചാണ്ടി ഉമ്മനുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയാണെന്നും, മധ്യസ്ഥത വഹിച്ച് അദ്ദേഹം തന്റെ കുടുംബത്തെ ഇല്ലാതാക്കുകയായിരുന്നുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
‘എന്റെ മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണ്. മധ്യസ്ഥത വഹിച്ച് അദ്ദേഹം കുടുംബം ഇല്ലാതാക്കി. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ മാന്യത കരുതിയാണ് ഞാന്‍ ഇതൊന്നും പറയാതിരുന്നത്.’-ഗണേഷ് കുമാര്‍ പറഞ്ഞു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടും അദ്ദേഹം തന്നെ ചതിച്ചെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. മന്ത്രിസ്ഥാനം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി വാക്ക് പാലിച്ചില്ല. ചാണ്ടി ഉമ്മന്‍ ഇപ്പോള്‍ നടത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണ്. ഇത്രയും കാലം ഇല്ലാതിരുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത് ക്രൈസ്തവ വിഭാഗത്തെ ഇളക്കിവിടാനാണെന്നും കെ.ബി ഗണേഷ് കുമാര്‍ ആരോപിച്ചു.
പ്രകോപനമുണ്ടാക്കാന്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചാണ്ട ഉമ്മന്‍ പ്രതികരിച്ചു. ഗണേഷ് കുമാറിന്റെ മനസ്സാക്ഷി അദ്ദേഹത്തോട് ചിലത് ചോദിക്കുന്നുണ്ടാകാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇപ്പൊഴത്തെ ഈ പ്രതികരണം അദ്ദേഹത്തിന്റെ കുറ്റബോധത്താല്‍ ഉള്ളതാണ്. ഇതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.