സമസ്തയ്ക്കും പറയാനുണ്ട്, കുറ്റിച്ചിറയുടെ മരുമക്കത്തായ പൈതൃകം; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി എന്ന സാത്വിക ജീവിതം
കുറ്റിച്ചിറ കുളവും ചരിത്രപ്രസിദ്ധമായ മിശ്കാല്‍ പള്ളിയും
കോഴിക്കോടിന്റെ പൈതൃക പെരുമയുറങ്ങുന്ന കുറ്റിച്ചിറയുടെ ഇടവഴികളിലൂടെ, ചരിത്രത്തോളം പഴക്കമുള്ള തറവാടുകളെ സാക്ഷിയാക്കി നടന്നുകയറിയ ഒരു സാത്വികനുണ്ടായിരുന്നു; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി. മതപണ്ഡിതന്‍ അല്ലെങ്കില്‍ സംഘടനാ നേതാവ് എന്നതിലുപരി, കോഴിക്കോടിന്റെ സാമൂഹിക-സാംസ്‌കാരിക പരിസരത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 1945 മുതല്‍ 1955 വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഖജാഞ്ചി എന്ന നിലയില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. സമ്പത്തും സ്വാധീനവും ആത്മീയതയും സമ്മേളിച്ച ആ ജീവിതം പുതിയ കാലത്തിന് വലിയൊരു പാഠപുസ്തകമാണ്.
പാരമ്പര്യത്തിന്റെ കരുത്ത്
കോഴിക്കോടിന്റെ ചരിത്രവും പാരമ്പര്യവും ഇഴചേര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചിറയിലെ പ്രശസ്തമായ കിത്സിങ്ങാന്റകം തറവാട്ടിലാണ് അബ്ദുല്ലക്കോയ ഹാജിയുടെ ജനനം. കോഴിക്കോടിന്റെ ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയ കുടുംബമായിരുന്നു അത്. മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയായിരുന്ന ‘ഖാന്‍ സാഹിബ്’ കെ. കുഞ്ഞഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു എന്നത് ആ കുടുംബത്തിന്റെ സാമൂഹിക പദവി വ്യക്തമാക്കുന്നു.
സഹോദരങ്ങളും കുടുംബാംഗങ്ങളും രാഷ്ട്രീയത്തിലും ഭരണരംഗത്തും തിളങ്ങിനിന്നപ്പോള്‍, മത-ഭൗതിക വിജ്ഞാനങ്ങളില്‍ അവഗാഹം നേടി സമുദായ സേവനത്തിനായാണ് അബ്ദുല്ലക്കോയ ഹാജി തന്റെ ജീവിതം മാറ്റിവെച്ചത്. ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പല നിര്‍ണായക ഘട്ടങ്ങളിലും സംഘടനകള്‍ക്ക് തുണയായിട്ടുണ്ട്.
അബ്ദുല്ലക്കോയ ഹാജിയുടെ സംഘാടക ശേഷിയും ത്യാഗസന്നദ്ധതയും തെളിയിക്കുന്ന ഒരു സംഭവം 1945-ല്‍ കാര്യവട്ടത്ത് നടന്ന സമസ്ത സമ്മേളനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി നേതാക്കള്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച സന്ദര്‍ഭം. പ്രസംഗത്തില്‍ ആകൃഷ്ടനായ അബ്ദുല്ലക്കോയ ഹാജി, സദസ്സില്‍ വെച്ച് തന്നെ 500 രൂപ വാഗ്ദാനം ചെയ്തു. ഇന്നത്തെ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വലിയൊരു തുകയാണ്.
അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ നേതൃത്വം, അവിടെ വെച്ചുതന്നെ അദ്ദേഹത്തെ സമസ്തയുടെ ഖജാഞ്ചിയായി തിരഞ്ഞെടുത്തു. സദസ്സില്‍ നിന്ന് പിരിഞ്ഞുകിട്ടിയ തുക അപ്പപ്പോള്‍ തന്നെ അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. മരണം വരെ ആ സ്ഥാനത്ത് തുടരാനും വിശ്വസ്തതയോടെ ആ ഉത്തരവാദിത്തം നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ആദര്‍ശ പോരാട്ടങ്ങളിലെ നായകന്‍
സൗമ്യനും സാത്വികനുമായിരുന്നുവെങ്കിലും ആദര്‍ശത്തിന് പോറലേല്‍ക്കുന്ന ഘട്ടങ്ങളില്‍ അദ്ദേഹം ശക്തമായി പ്രതികരിച്ചു. കോഴിക്കോട് നഗരത്തില്‍ സുന്നി ആദര്‍ശ സംരക്ഷണത്തിന് അദ്ദേഹം മുന്നിട്ടിറങ്ങി. റശീദുദ്ദീന്‍ മൂസ മുസ്ലിയാര്‍, പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍, പതി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ തുടങ്ങിയ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം സംഘടിപ്പിച്ച പ്രഭാഷണങ്ങള്‍ ചരിത്രപ്രസിദ്ധമാണ്.
1949 കാലഘട്ടത്തില്‍ വഹാബി, ഖാദിയാനി വിഭാഗങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. സര്‍വെന്റ് ഓഫ് ഇസ്ലാം സൊസൈറ്റിയുടെ പേരില്‍ പ്രസിദ്ധീകരിച്ച നോട്ടീസുകളില്‍ ഹാജിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പോലുമുണ്ടായി. എച്ച്.എ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഖാദിയാനികള്‍ പ്രചാരണം തുടങ്ങിയപ്പോള്‍ അതിനെതിരെ നിയമപോരാട്ടം നടത്താനും അദ്ദേഹം മടിച്ചില്ല.
ഇതിന്റെ പേരില്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടെങ്കിലും തളരാതെ, ‘അന്‍സാറുല്‍ മുസ്ലിമീന്‍ സംഘം’ രൂപീകരിച്ച് അദ്ദേഹം പ്രതിരോധം തീര്‍ത്തു. മദ്റസത്തുല്‍ അന്‍സാരിയ്യ, മുദാക്കര പള്ളി ദര്‍സ് എന്നിവയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഈ സംഘടനയുടെയും ഹാജിയുടെയും വിയര്‍പ്പുണ്ട്.
മരുമക്കത്തായ ജീവിതം
മരുമക്കത്തായ സമ്പ്രദായം(Matrilineal System) സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരുകാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചത്. തറവാട്ടു മഹിമയും, സമ്പത്തും, അധികാരവുമുള്ള ഒരു വലിയ കുടുംബത്തിലെ കണ്ണിയായിരുന്നിട്ടും, തികച്ചും സാത്വികമായ, ആത്മീയതയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
കോഴിക്കോടന്‍ മുസ്ലിം പാരമ്പര്യത്തില്‍, പ്രത്യേകിച്ച് കുറ്റിച്ചിറ പോലുള്ള പ്രദേശങ്ങളില്‍, പുരുഷന്മാര്‍ സ്വന്തം തറവാട്ടില്‍നിന്ന് രാത്രികാലങ്ങളില്‍ ഭാര്യവീട്ടിലേക്ക് പോകുന്ന സമ്പ്രദായം(Matrilocal residence practice) അക്കാലത്ത് സാര്‍വത്രികമായിരുന്നു. അബ്ദുല്ലക്കോയ ഹാജിയുടെ ജീവിതത്തിലും ഈ പതിവ് കാണാം. മരുമക്കത്തായം നിലനില്‍ക്കുന്ന കുറ്റിച്ചിറയില്‍നിന്നു തന്നെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നതും. പകല്‍ സമയം സ്വന്തം തറവാടായ ‘കിത്സിങ്ങാന്റകത്ത്’ ചിലവഴിക്കുന്ന ഹാജി, രാത്രിയാകുമ്പോള്‍ ഭാര്യവീടായ ‘സ്രാങ്കിന്റകത്തേക്ക്’ പോകും.
എന്നാല്‍, അബ്ദുല്ലക്കോയ ഹാജിക്ക് ഈ രാത്രിയാത്ര കേവലമൊരു ദിനചര്യയായിരുന്നില്ല, മറിച്ച് ഒരു ആരാധന കൂടിയായിരുന്നു. സ്വന്തം തറവാട്ടില്‍ നിന്ന് ഭാര്യവീട്ടിലേക്ക് നടന്നെത്തുന്ന സമയം കൊണ്ട് അദ്ദേഹം വിശുദ്ധ ഖുര്‍ആനിലെ ഒരു അധ്യായം പാരായണം ചെയ്തു തീര്‍ക്കുമായിരുന്നത്രെ. കോഴിക്കോടിന്റെ നിശബ്ദമായ തെരുവുകളിലൂടെയുള്ള ഈ യാത്രയ്ക്കിടയില്‍ മധുരമനോഹര ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്താണ് അദ്ദേഹം നടക്കാറുണ്ടായിരുന്നതെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്.
പതിവുപോലെ ഒരു ദിവസം ഖുര്‍ആന്‍ പാരായണം ചെയ്ത് ഭാര്യവീട്ടിലെത്തിയ അദ്ദേഹം പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. പിന്നീട് അല്‍പദിവസങ്ങള്‍ക്ക് ശേഷം 1955 ജൂലൈ 22-ന് വെള്ളിയാഴ്ച രാവിലെ ആ കര്‍മയോഗി വിടപറഞ്ഞു. ഉന്നതമായ കുടുംബ പശ്ചാത്തലമുണ്ടായിട്ടും, വിനയത്തോടെയും സൂക്ഷ്മതയോടെയും ജീവിച്ച്, സമ്പത്തും സമയവും സമൂഹത്തിനായി സമര്‍പ്പിച്ച അബ്ദുല്ലക്കോയ ഹാജിയുടെ ജീവിതം എക്കാലത്തും അനുകരണീയമാണ്. അറിവും സമ്പത്തും അധികാരവും എങ്ങനെ സദ്വിനിയോഗം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹം.