29/03/2026
[fontresizer_tawhidurrahmandear_widget]

‘കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും’; ലഹരിമാഫിയ ബന്ധം വെളിപ്പെടുത്തി ഹസ്നയുടെ അവസാന ശബ്ദസന്ദേശം

 ‘കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും’; ലഹരിമാഫിയ ബന്ധം വെളിപ്പെടുത്തി ഹസ്നയുടെ അവസാന ശബ്ദസന്ദേശം

മരിച്ച ഹസ്ന

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാക്കൂര്‍ സ്വദേശിനി ഹസ്നയുടെ (34) മരണത്തില്‍ ദുരൂഹതയേറുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഹസ്ന സുഹൃത്തായ ആദിലിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് ദുരൂഹത ശക്തമായിയിരിക്കുന്നത്. ‘കൊടി സുനി’ ഉള്‍പ്പെടെയുള്ള ലഹരി മാഫിയ സംഘങ്ങളെക്കുറിച്ച് സന്ദേശത്തില്‍ ഗുരുതരമായ പരാമര്‍ശമാണുള്ളത്.

പുറത്തുവന്ന ശബ്ദസന്ദേശത്തില്‍നിന്ന്:

‘എന്റെ ജീവിതം പോയി. നിങ്ങള്‍ അടിക്കുന്ന ലഹരിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാന്‍ വെളിപ്പെടുത്തും. കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും. പോലീസിന്റെ കൈയില്‍ നിന്നല്ലേ നിങ്ങള്‍ രക്ഷപ്പെടൂ, ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത് പുറത്തുവിടും.’

കഴിഞ്ഞ ദിവസമാണ് ഹസ്നയെ കൈതപ്പൊയിലിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹമോചിതയായ യുവതി, കഴിഞ്ഞ അഞ്ച് മാസമായി ഇവിടെ പുതുപ്പാടി സ്വദേശിയായ ആദിലിനൊപ്പം താമസിച്ചുവരികയായിരുന്നു.

ആദിലിനും സുഹൃത്തുക്കള്‍ക്കും ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും, ഇതിനെപ്പറ്റി ഹസ്നയ്ക്ക് അറിവുണ്ടായിരുന്നുവെന്നുമാണ് ശബ്ദസന്ദേശം സൂചിപ്പിക്കുന്നത്. ഈ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

മരിക്കുന്നതിന് മുന്‍പ് ഹസ്ന ഉമ്മയെ വിളിച്ച് താന്‍ വീട്ടിലേക്ക് മടങ്ങിവരികയാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് ലഭിച്ചത് മരണവാര്‍ത്തയാണ്. ഹസ്നയെ ചതിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു.

ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയുടെ പേര് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശത്തില്‍ വന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Also read: