മച്ചാഡോയുടെ വക ട്രംപിന് നൊബേല്‍; പുരസ്‌കാരം മാറില്ലെന്ന് നൊബേല്‍ കമ്മിറ്റി, ആവേശത്തില്‍ ട്രംപ്
വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. അതേസമയം, നിക്കോളാസ് മദുറോയുടെ ഭരണകൂടത്തെ താഴെയിറക്കാന്‍ ട്രംപ് നടത്തിയ ഇടപെടലുകള്‍ക്കുള്ള നന്ദിസൂചകമായാണ് പുരസ്‌കാര കൈമാറ്റമെന്നാണ് വിലയിരുത്തല്‍.
‘ഇതൊരു വലിയ ബഹുമതിയാണ്. ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ച കരുത്തുറ്റ സ്ത്രീയാണ് മരിയ. ലോകസമാധാനത്തിനായി ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ എനിക്ക് പുരസ്‌കാരം സമ്മാനിച്ചു,’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, പുരസ്‌കാര കൈമാറ്റത്തിന് ഔദ്യോഗികമായി യാതൊരു സാധുതയുമില്ല. നൊബേല്‍ ഫൗണ്ടേഷന്റെ ചട്ടമനുസരിച്ച് ഒരിക്കല്‍ പ്രഖ്യാപിച്ച പുരസ്‌കാരം പിന്‍വലിക്കാനോ മറ്റൊരാള്‍ക്ക് പങ്കുവെക്കാനോ കൈമാറാനോ കഴിയില്ല. മെഡല്‍ കൈമാറിയാലും നൊബേല്‍ ജേതാവ് എന്ന പദവി മച്ചാഡോയുടെ പേരില്‍ തന്നെയാകും നിലനില്‍ക്കുക എന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.
രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കണമെന്ന് ട്രംപ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ മദുറോയെ പിടികൂടിയതിന് ശേഷം വെനസ്വേലയുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതില്‍ യുഎസ് നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്.