തിരിച്ചടിച്ച് മമത; ഇഡിക്കും കേന്ദ്രസേനയ്ക്കുമെതിരെ എഫ്ഐആര്‍
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐ-പാക്കിന്റെ ഓഫീസുകളിലെ റെയ്ഡില്‍ അസാധാരണ നീക്കവുമായി ബംഗാള്‍ സര്‍ക്കാര്‍. തൃണമൂല്‍ കോണ്ഗ്രസിന്രെ തെരഞ്ഞെടുപ്പ് ഉപദേഷ്ടാക്കള്‍ കൂടിയായ സംഘത്തിന്റെ ഓഫീസിലുകളില്‍ നടന്ന പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി എഫ്ഐആര്‍ ഫയല്‍ ചെയ്തു. അവർക്ക് സുരക്ഷയൊരുക്കിയ കേന്ദ്ര സായുധ സേനയ്ക്ക് (സിഎപിഎഫ്) എതിരെയും നടപടിയുണ്ട്. കൊല്‍ക്കത്ത, ബിധാനഗര്‍ പോലീസ് കമ്മീഷണറേറ്റുകളിലായി രണ്ട് പരാതികളാണ് മുഖ്യമന്ത്രി നേരിട്ട് നല്‍കിയത്.
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 303(2) (മോഷണം), സെക്ഷന്‍ 332(സി) (അതിക്രമിച്ചു കടക്കല്‍), സെക്ഷന്‍ 3(5) (ക്രിമിനല്‍ നടപടി), ഐടി ആക്ട് സെക്ഷന്‍ 66 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നിയമനടപടി. കേസില്‍ അന്വേഷണം നടത്താന്‍ ഇന്‍സ്പെക്ടര്‍ ശിബാദിത്യ പാലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിലായിരുന്നു ഇഡി ഐ-പാക് മേധാവി പ്രതീകിന്റെ വസതിയിലും സാള്‍ട്ട് ലേക്കിലെ ഓഫീസിലും പരിശോധന നടത്തിയത്. എന്നാല്‍, റെയ്ഡിന്റെ മറവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അടങ്ങിയ ഹാര്‍ഡ് ഡിസ്കുകളും രേഖകളും ഇഡി ‘മോഷ്ടിക്കാന്‍’ ശ്രമിച്ചുവെന്നാണ് തൃണമൂല്‍ ആരോപണം.
ഐ-പാക് മേധാവി പ്രതീകിന്റെ കുടുംബത്തിന് ഇഡിക്കെതിരെ പരാതി നല്കാന് സാധിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനു പുറമെ, അതിക്രമിച്ചു കടന്നതിനും ഭീഷണിപ്പെടുത്തിയതിനും കൊല്‍ക്കത്ത പോലീസ് സ്വമേധയാ ഇഡിക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും തൊണ്ടിമുതലുകള്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്തെന്ന് ആരോപിച്ച് മമത ബാനര്‍ജിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി റെയ്ഡ് നടക്കുന്നിടത്ത്നിന്ന് ഫയലുകളും ലാപ്ടോപ്പും എടുത്തുകൊണ്ടുപോയത് തെളിവ് നശിപ്പിക്കാനാണെന്നാണ് ഇഡിയുടെ വാദം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ഏജന്‍സിക്കെതിരെ മുഖ്യമന്ത്രി തന്നെ നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് കേന്ദ്ര-സംസ്ഥാന പോര് പുതിയ തലത്തിലെത്തിച്ചിരിക്കുകയാണ്.